തിരുവനന്തപുരം: 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. അതിക്രമം നേരിട്ട പെൺകുട്ടിയെ രക്ഷിക്കാനെത്തിയ പിതാവ് പ്രതിയായ അയൽവാസിയെ മർദിക്കുകയും ഇയാളുടെ കാൽ ഒടിയുകയും ചെയ്തു. ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അയൽവാസിയായ 40കാരൻ, വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. അവിടെവെച്ച് കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ പിതാവ് സ്ഥലത്തെത്തിയത്.
മകളെ രക്ഷിക്കുന്നതിനായി തടിക്കഷണം ഉപയോഗിച്ച് പ്രതിയെ മർദിച്ചതിനെ തുടർന്ന് ഇയാളുടെ കാൽ ഒടിഞ്ഞു.
തുടർന്ന് മുൻവൈരാഗ്യത്തിന്റെ പേരിലാണ് തന്നെ മർദിച്ചതെന്ന് ആരോപിച്ച് പ്രതി പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോത്തൻകോട് പൊലീസ് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
പിന്നീടാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനിടെയാണ് പിതാവ് പ്രതിയെ മർദിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം തുടരുകയാണ്.

