കൊച്ചി: കൊച്ചിയിൽ ഡോക്ടർമാർക്കും സിനിമാ പ്രവർത്തകർക്കും ഉൾപ്പെടെ ഹൈപ്രൊഫൈൽ ആളുകൾക്ക് ലഹരി എത്തിച്ചുനൽകിയിരുന്നുവെന്ന് സംശയിക്കുന്ന മുഖ്യവിതരണക്കാരായ രണ്ട് പേർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അമൽ ജോർജ്, അഭിജിത്ത് എന്നിവർ ഡാൻസാഫിന്റെ പിടിയിലായത്.
ചേരാനല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട് കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപന നടത്തിയിരുന്നത്. കൊച്ചി കേന്ദ്രീകരിച്ച് ഹൈപ്രൊഫൈൽ വ്യക്തികൾക്ക് ലഹരി വിതരണം ചെയ്യുന്ന ഒരു ശൃംഖല തന്നെ പ്രവർത്തിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം.
വിവിധ ഇടങ്ങളിൽ നിന്ന് ലഹരി എത്തിച്ച ശേഷം വാടക വീട് കേന്ദ്രീകരിച്ചാണ് വിൽപന നടത്തിയിരുന്നത്. ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചുനൽകുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതി.
അമൽ ജോർജിനെ ഒരു വർഷം മുമ്പ് 250 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആവശ്യക്കാർ പ്രധാനമായും അഭിജിത്തിനെയാണ് ബന്ധപ്പെട്ടിരുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണമിടപാടുകൾ നടത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇവർ ലഹരി വിതരണം നടത്തിയിരുന്ന വ്യക്തികളെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സ്ഥിരമായി ബന്ധപ്പെട്ടിരുന്നവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.

