തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരായ നിലപാടിൽ കോൺഗ്രസിനുള്ളിൽ ഭിന്നത ശക്തമാകുന്നു. അദാനിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെ.സി വിഭാഗത്തിന്റെ നിലപാട്. അതേസമയം, വിഷയത്തിൽ തുടക്കത്തിൽ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രിയാണെന്നാണ് വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗം വ്യക്തമാക്കുന്നത്.
കേരളം ഭരിക്കുന്നത് ബിജെപി സർക്കാരല്ലെന്ന് കെ.സി വിഭാഗം ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കെ.സി ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അദാനി ഗ്രൂപ്പിന് അതൃപ്തി അറിയിച്ചുകൊണ്ട് കത്ത് നൽകിയത്.
എന്നാൽ, എം.എസ്.സി–അദാനി ഓഹരി കൈമാറ്റ കരാറിന് സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി നേരത്തേ തന്നെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നുവെന്നാണ് വി.ഡി. സതീശൻ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. കരാർ കൈമാറ്റത്തിന് ഇതുവരെ അദാനി ഗ്രൂപ്പ് സർക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നും, ഓഹരി കൈമാറ്റത്തിൽ സർക്കാരിന് ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു.
സർക്കാർ നിയമോപദേശം തേടും
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. വിഷയത്തിൽ വിദഗ്ധ പരിശോധനയും നടത്തും. ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കാതെ സർക്കാർ അതിവേഗം അനുമതി നൽകില്ലെന്നാണ് സർക്കാർ നിലപാട്.
എല്ലാ നടപടികളും കരാറിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കുമെന്നും, സർക്കാരിന്റെ അനുമതി ലഭിച്ചതിന് ശേഷമേ അന്തിമ കരാറിലേക്ക് കടക്കുകയുള്ളുവെന്നുമാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.
അതേസമയം, ഓഹരി കൈമാറ്റ വിവാദം സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമായി മുന്നോട്ടുകൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

