കൊച്ചി: വിവാദങ്ങൾക്കിടെ താരസംഘടനയായ ‘അമ്മ’യുടെ മുൻ ഭാരവാഹികൾ സൂം യോഗം ചേർന്നു. അഡ്‌ഹോക് കമ്മിറ്റിയുടെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.
പുതിയ കമ്മിറ്റി തെരഞ്ഞെടുക്കുന്നതുവരെ ചുമതല പഴയ ഭാരവാഹികൾക്കുതന്നെയാണെന്നും ഒരു വിഭാഗം നിലപാട് സ്വീകരിക്കുന്നു. സൂം യോഗത്തിന് പിന്നാലെ ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ ഔദ്യോഗികമായി രാജി സമർപ്പിച്ചു. സംഘടനയുടെ ഇ-മെയിലിലേക്കാണ് രാജിക്കത്ത് അയച്ചത്. ലക്ഷ്മിപ്രിയയും ഉണ്ണി ശിവപാലും സൂം യോഗത്തിൽ പങ്കെടുത്തില്ല.
അതേസമയം, പ്രസിഡന്റ് ശ്വേതാ മേനോൻ സംഘടനയിൽ നിന്ന് രാജിവെക്കില്ലെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. നിരപരാധിത്വം തെളിയിക്കാതെ പദവി ഒഴിയില്ലെന്നാണ് അവർ കുറിച്ചത്. താൻ ജനങ്ങളെ വഞ്ചിച്ചുവെന്നും ‘അമ്മ’യെ അനാഥമാക്കിയെന്നുമുള്ള ആരോപണങ്ങൾ തള്ളിയ ശ്വേതാ മേനോൻ, ആരെയും വഞ്ചിച്ചിട്ടില്ലെന്നും സംഘടനയെ അനാഥമാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.
കമ്മിറ്റി രാജിവെക്കണമെന്ന അജണ്ടയുമായാണ് ചിലർ ജനറൽ ബോഡി യോഗത്തിൽ എത്തിയതെന്ന് ശ്വേതാ മേനോൻ ആരോപിച്ചു. ‘അമ്മ’യുടെ ബൈലോയിൽ അഡ്‌ഹോക് കമ്മിറ്റിയെക്കുറിച്ച് പരാമർശമില്ലെന്നും, തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി രാജിവെച്ചാൽ പുതിയ കമ്മിറ്റി വരുന്നതുവരെ ചുമതല തുടരേണ്ടത് അതേ കമ്മിറ്റിയാണെന്നും അവർ പറഞ്ഞു. മുൻ ഭരണസമിതി രാജിവെച്ചപ്പോഴും ഇതേ രീതിയാണ് സ്വീകരിച്ചതെന്നും, ഇപ്പോൾ തങ്ങളുടെ കമ്മിറ്റിക്ക് മാത്രം വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതെന്താണെന്നും അവർ ചോദിച്ചു.
സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതോടെയാണ് സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായത്. തുടർന്ന് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. ആരുടെയും പാവയാകാതിരിക്കാനാണ് രാജിയെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ചിലർ തനിക്കെതിരെ ദുഷ്പ്രചാരണവും അടിസ്ഥാനരഹിതമായ ആരോപണങ്ങളും നടത്തിയെന്നും, അതെല്ലാം മറികടന്നാണ് താൻ ഭൂരിപക്ഷത്തോടെ വിജയിച്ചതെന്നും അവർ ആരോപിച്ചു. മുൻ ഭരണസമിതി നടത്തിയെന്ന് പറയുന്ന ക്രമക്കേടുകൾ അന്വേഷിക്കാനുള്ള അവസരം തങ്ങൾക്ക് നിഷേധിച്ചുവെന്നും ശ്വേതാ മേനോൻ പറഞ്ഞിരുന്നു.
എന്നാൽ ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ലെന്നത് പുതിയ പ്രതിസന്ധിക്ക് വഴിവെച്ചു. ഇതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ച് ചർച്ചകൾ ശക്തമായി. ശ്വേതാ മേനോൻ ഉൾപ്പെടെ ആരും ഔദ്യോഗികമായി രാജി നൽകിയിട്ടില്ലെന്ന് രമേശ് പിഷാരടി പ്രതികരിച്ചിരുന്നു. അഡ്‌ഹോക് കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചത്.

