കോഴിക്കോട്: വാർധക്യ പെൻഷൻ വാങ്ങി മടങ്ങുകയായിരുന്ന വയോധികനെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടി, കൈവശമുണ്ടായിരുന്ന പണവും രേഖകൾ അടങ്ങിയ പഴ്‌സും കവർന്ന സ്ഥിരം കുറ്റവാളിയെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടിൽ രതീഷ് (45)നെയാണ് ബേപ്പൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചക്കുംകടവ് നദീനഗർ സ്വദേശി അഭയകുമാറിനെ കബളിപ്പിച്ചാണ് പ്രതി പണവും പഴ്‌സും തട്ടിയെടുത്തത്.
ബേപ്പൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വാർധക്യ പെൻഷൻ വാങ്ങി നിലവിൽ താമസിക്കുന്ന ഫ്ലാറ്റിലേക്ക് മടങ്ങുകയായിരുന്ന അഭയകുമാർ വഴിയിൽ കാൽതെറ്റി വീണു. ആളുകൾ ഓടിക്കൂടിയപ്പോഴാണ് ഇതുവഴി എത്തിയ രതീഷ് സഹായിക്കാമെന്ന് പറഞ്ഞ് വയോധികനൊപ്പം കൂടിയത്.
ഫ്ലാറ്റിലേക്ക് എത്തിച്ചുകൊടുക്കാമെന്ന് പറഞ്ഞ ഇയാൾ, ആളൊഴിഞ്ഞ വഴിയിലെത്തിയ ശേഷം അഭയകുമാറിനെ പിടിച്ചുതള്ളിയിട്ട് വാർധക്യ പെൻഷനായി ലഭിച്ച 4,000 രൂപയും രേഖകൾ അടങ്ങിയ പഴ്‌സും കവർന്ന് രക്ഷപ്പെടുകയായിരുന്നു.
വയോധികൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ബേപ്പൂർ പരിസരത്തുനിന്നാണ് രതീഷിനെ അറസ്റ്റ് ചെയ്തത്.
ബേപ്പൂർ, മാറാട്, നല്ലളം പൊലീസ് സ്റ്റേഷനുകളിലായി വിൽപ്പനയ്ക്കായി മദ്യം കൈവശം വെച്ചത്, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയത്, ആക്രമണക്കേസുകൾ, പൊതുസ്ഥലത്ത് മദ്യപിച്ചത് തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

