Home Top Stories‘താരസംഘടനയായ ‘അമ്മ’ പിരിച്ചുവിടണം, സമൂഹത്തിന് അതിന്റെ യാതൊരു ആവശ്യവുമില്ല’; തുറന്നടിച്ച് ജി. സുധാകരൻ

‘താരസംഘടനയായ ‘അമ്മ’ പിരിച്ചുവിടണം, സമൂഹത്തിന് അതിന്റെ യാതൊരു ആവശ്യവുമില്ല’; തുറന്നടിച്ച് ജി. സുധാകരൻ

by news_desk
0 comments

ആലപ്പുഴ: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ (AMMA) ഉടനടി പിരിച്ചുവിടണമെന്ന് മുതിർന്ന രാഷ്ട്രീയ നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരൻ. ‘അമ്മ’ സംഘടനയുടെ യാതൊരു ആവശ്യവും നിലവിൽ ഈ സമൂഹത്തിനില്ലെന്നും മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണ് ഇതെന്നും ഒരു പൊതുവേദിയിൽ സംസാരിക്കവെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. സിനിമയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മമ്മൂട്ടിയും മോഹൻലാലും നേരിട്ട് ഇടപെടണമെന്നും ചലച്ചിത്ര മേഖലയിൽ ഇപ്പോൾ മോശം രീതിയിലുള്ള ഗ്രൂപ്പിസമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“അമ്മ സംഘടന കേരളീയ സമൂഹത്തിൽ എന്ത് നല്ല സ്വാധീനമാണ് ചെലുത്തുന്നത്? സാധാരണക്കാരായ ജനങ്ങൾക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല, നാട്ടുകാർക്ക് അതിനോട് ഒട്ടും താൽപ്പര്യവുമില്ല. സംഘടനയ്ക്കകത്തെ പ്രശ്നങ്ങളൊക്കെ നിങ്ങളുടെ സ്വന്തം കാര്യമാണ്,” ജി. സുധാകരൻ വ്യക്തമാക്കി.

നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും ജി. സുധാകരൻ കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എം.വി. ഗോവിന്ദൻ രാഷ്ട്രീയ വകതിരിവ് കാണിക്കണമെന്ന് ആവശ്യപ്പെട്ട സുധാകരൻ, അദ്ദേഹത്തിന്റെ വ്യക്തിപരമായ യോഗ്യതകളെയും ചോദ്യം ചെയ്തു. പാർട്ടി വിട്ടവരെക്കുറിച്ച് എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയിൽ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും മറ്റ് രണ്ടുപേരുടെ പേരാണ് പരാമർശിച്ചതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

തെറ്റ് പറ്റിയാൽ പാർട്ടിയായാലും വ്യക്തികളായാലും തിരുത്താൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം അവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാകുമെന്നും അദ്ദേഹം ഗോവിന്ദനെ ഓർമ്മിപ്പിച്ചു. സ്വന്തം ഇഷ്ടപ്രകാരം പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്നാൽ താൻ എങ്ങനെയാണ് വർഗ്ഗവഞ്ചകനാവുകയെന്ന് ചോദിച്ച സുധാകരൻ, എം.വി. ഗോവിന്ദനാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്നും ആരോപിച്ചു. നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് പാർട്ടി നശിക്കട്ടെ എന്ന ചിന്തയാണെന്നും പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ അയാൾക്ക് നാണമില്ലേയെന്നും സുധാകരൻ ആഞ്ഞടിച്ചു.

You may also like