Home Keralaപിശകുകളെ പർവതീകരിക്കരുത്; നിയമനങ്ങളിൽ അത്യപൂർവ്വമായി പിഴവുകൾ സംഭവിക്കാം, വിശദീകരണവുമായി പി.എസ്.സി

പിശകുകളെ പർവതീകരിക്കരുത്; നിയമനങ്ങളിൽ അത്യപൂർവ്വമായി പിഴവുകൾ സംഭവിക്കാം, വിശദീകരണവുമായി പി.എസ്.സി

by news_desk1
0 comments

തിരുവനന്തപുരം: നിയമന തട്ടിപ്പ് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി കേരള പി.എസ്.സി. കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണമായും സ്വതന്ത്രവും സുതാര്യവും ഭരണഘടനാധിഷ്ഠിതവുമാണെന്നും, ഉദ്യോഗാർഥികളുടെ വിശ്വാസം ഒരു പോറലുമില്ലാതെ കാത്തുസൂക്ഷിക്കുമെന്നും പി.എസ്.സി ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ചെയർമാനെതിരെയും കമ്മീഷനെതിരെയും ഉയരുന്ന വിമർശനങ്ങൾ നിഷേധിച്ച പി.എസ്.സി, മഹത്തായ പാരമ്പര്യത്തിനും വിശ്വസ്തതയ്ക്കും യശസ്സിനും നേരിയ പോറൽ പോലും ഏൽക്കാതിരിക്കാൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.

ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസവും പ്രതീക്ഷകളും യാതൊരു കോട്ടവും തട്ടാതെ സംരക്ഷിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്ന് പി.എസ്.സി സെക്രട്ടറി വ്യക്തമാക്കി. കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണമായും സ്വതന്ത്രവും സുതാര്യവും ഭരണഘടനാനുസൃതവുമാണെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് തസ്തികകളിലേക്കുള്ള വിപുലമായ നിയമന നടപടികൾ നടക്കുമ്പോൾ അത്യപൂർവ്വമായി ചില പിഴവുകൾ ഉണ്ടായേക്കാമെന്നും, എന്നാൽ അത്തരം വീഴ്ചകൾ കണ്ടെത്തിയാൽ അവ എത്രയും വേഗം തിരുത്തി നിയമന നടപടികൾ കൂടുതൽ ഭദ്രമാക്കാൻ കമ്മീഷൻ എപ്പോഴും തയ്യാറാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഇത്തരം ചെറിയ പിഴവുകളെ പർവതീകരിച്ച് അവതരിപ്പിക്കുന്ന സമീപനത്തിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും കമ്മീഷന്റെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാൻ സഹകരിക്കണമെന്നും സെക്രട്ടറി അഭ്യർഥിച്ചു.

തിരഞ്ഞെടുപ്പ് നടപടികളിലെ രഹസ്യസ്വഭാവം സംരക്ഷിക്കേണ്ടതിനാൽ ഉയരുന്ന എല്ലാ ആരോപണങ്ങൾക്കും പരസ്യമായി മറുപടി നൽകുന്നതിൽ കമ്മീഷന് പരിമിതികളുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കമ്മീഷൻ യോഗത്തിൽ ഭിന്നതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും, കമ്മീഷനിൽ വിശദമായ ചർച്ചകൾക്ക് ശേഷമാണ് എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായി ഭരണഘടനാനുസൃതമായി കൈക്കൊള്ളുന്നതെന്നും പി.എസ്.സി അറിയിച്ചു.

കമ്മീഷനെതിരെ വിവിധ തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതിനിടയിലും, ഉദ്യോഗാർഥികളുടെ തെരഞ്ഞെടുപ്പിനായി സ്വതന്ത്രവും നീതിയുക്തവുമായ നടപടികളിലാണ് കമ്മീഷനും ജീവനക്കാരും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാജ്യത്തെ പ്രധാനപ്പെട്ട പൊതുസേവന കമ്മീഷനുകളിൽ ഒന്നായ പി.എസ്.സിക്കെതിരെ അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു.

You may also like