കേരളത്തിന്റെ വികസന ചരിത്രത്തിൽ നിർണായകമായ അധ്യായമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഭാവിയിൽ ലോക സമുദ്രവ്യാപാര ഭൂപടത്തിൽ കേരളത്തെ ശക്തമായ സാന്നിധ്യമാക്കാൻ ശേഷിയുള്ള ഈ പദ്ധതി, ആശയരൂപീകരണ ഘട്ടം മുതൽ രാഷ്ട്രീയ വിവാദങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും സാമൂഹിക പ്രതിഷേധങ്ങളുടെയും നടുവിലൂടെയാണ് മുന്നേറിയത്. എന്നാൽ തുറമുഖം പ്രവർത്തനം ആരംഭിച്ച ശേഷവും വിവാദങ്ങൾ അവസാനിച്ചില്ല. മറിച്ച്, പദ്ധതിയുടെ ഭാവി നിയന്ത്രണവും ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പുതിയ ചോദ്യങ്ങളാണ് ഇന്ന് ഉയരുന്നത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി അദാനി പോർട്സിൽ 49 ശതമാനം ഓഹരി സ്വന്തമാക്കാൻ നീക്കം നടത്തുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. ഇത് ഒരു സ്വകാര്യ കമ്പനിയുടെ ആഭ്യന്തര ഇടപാട് മാത്രമല്ല. കേരളത്തിന്റെ തന്ത്രപ്രധാനമായ ഒരു പൊതുമുതലിന്റെ ഭാവി നിയന്ത്രണത്തെ ബാധിക്കാവുന്ന വിഷയമാണിത്. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഓരോ വാക്കും ഓരോ തീരുമാനവും പൊതുജനങ്ങൾക്ക് മുന്നിൽ സുതാര്യമായിരിക്കേണ്ടതായിരുന്നു.
പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്.
നിയമസഭയിൽ വിഷയം ഉയർന്നപ്പോൾ മാധ്യമവാർത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി. അതിനൊപ്പം വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് ദേശാഭിമാനിയിലാണെന്ന രാഷ്ട്രീയ പരാമർശവും. എന്നാൽ വസ്തുതകൾ മറ്റൊരു ചിത്രം പറയുന്നു. ദേശീയ മാധ്യമങ്ങളും സാമ്പത്തിക പത്രങ്ങളും മലയാള മാധ്യമങ്ങളും ദിവസങ്ങൾക്ക് മുമ്പേ ഇതുസംബന്ധിച്ച വാർത്തകൾ നൽകിയിരുന്നു. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, ഐ.ടി വകുപ്പ്, പ്രസ് വിഭാഗം, തുറമുഖ വകുപ്പ്, ചീഫ് സെക്രട്ടറിയുടെ ഓഫീസ് എന്നിവയിൽ ഒന്നും ഈ വിവരം എത്തിയില്ലെന്നാണോ വിശ്വസിക്കേണ്ടത്? അല്ലെങ്കിൽ വിവരം ലഭിച്ചിട്ടും സർക്കാർ ബോധപൂർവം മൗനം പാലിച്ചതാണോ?
ഇതാണ് ഇന്ന് കേരളം ഉന്നയിക്കുന്ന ചോദ്യം.
ഒരു മുഖ്യമന്ത്രിക്ക് എല്ലാം അറിയണമെന്നില്ല. പക്ഷേ അറിയേണ്ട കാര്യങ്ങൾ അറിയിക്കാനുള്ള ഭരണസംവിധാനം അദ്ദേഹത്തിനുണ്ട്. അതും ഇത്രയും വലിയ സാമ്പത്തിക-തന്ത്രപ്രധാന വിഷയത്തിൽ. അപ്പോൾ വിവരമില്ലായ്മ ഭരണപരമായ വീഴ്ചയാണോ? അതോ വിവരമുണ്ടായിട്ടും രാഷ്ട്രീയ സൗകര്യത്തിനായി നിഷേധിക്കുകയായിരുന്നോ? രണ്ടിലേതായാലും അത് സർക്കാരിന് അഭിമാനിക്കാവുന്ന സാഹചര്യമല്ല. ഇതിനിടെ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായ ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകുന്നു. എന്നാൽ അതേസമയം ഓഹരി കൈമാറ്റം പരിശോധിക്കാൻ എംപവർഡ് കമ്മിറ്റി രൂപീകരിക്കുകയും റിപ്പോർട്ട് തേടുകയും ചെയ്യുന്നു. സംസ്ഥാനത്തിന് തീരുമാനത്തിൽ യാതൊരു പങ്കുമില്ലെങ്കിൽ ഈ കമ്മിറ്റി എന്തിന്? പങ്കുണ്ടെങ്കിൽ ആദ്യം മുതൽ സർക്കാർ സ്വീകരിച്ച നിലപാട് എന്തായിരുന്നു? ഈ വൈരുധ്യമാണ് സംശയങ്ങൾ ശക്തമാക്കുന്നത്. അദാനി ഗ്രൂപ്പിനെതിരെ ദേശീയ തലത്തിൽ കോൺഗ്രസ് ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. പാർലമെന്റിനകത്തും പുറത്തും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ അദാനി വിഷയത്തിൽ കേന്ദ്രസർക്കാരിനെ നിരന്തരം വിമർശിക്കുന്നു. എന്നാൽ കേരളത്തിൽ അധികാരത്തിലെത്തിയതിന് പിന്നാലെ അദാനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന്റെ ഭാഷയും സമീപനവും മാറുന്നതായി തോന്നുന്നത് സ്വാഭാവികമായും രാഷ്ട്രീയ ചോദ്യങ്ങൾക്ക് ഇടയാക്കുന്നു. ഇത് ആദ്യ സംഭവവുമല്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഴിഞ്ഞം കരാറിനെച്ചൊല്ലി ദേശീയ നേതൃത്വത്തിൽ തന്നെ അഭിപ്രായഭിന്നതകൾ ഉയർന്നിരുന്നു. ഇന്ന് അതേ പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങൾ ഉയരുമ്പോൾ പഴയ ചോദ്യങ്ങൾ പുതിയ രൂപത്തിൽ തിരിച്ചെത്തുകയാണ്. വിഴിഞ്ഞം ഒരു സാധാരണ അടിസ്ഥാനസൗകര്യ പദ്ധതി അല്ല. പതിനായിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക സാധ്യതകളും തലമുറകളെ സ്വാധീനിക്കുന്ന വികസന പ്രതീക്ഷകളും ഉൾക്കൊള്ളുന്ന ദേശീയ പ്രാധാന്യമുള്ള സംരംഭമാണ് അത്. അത്തരം പദ്ധതികളിൽ സർക്കാരിന്റെ മൗനം പലപ്പോഴും വിശദീകരണത്തേക്കാൾ വലിയ സംശയങ്ങൾ സൃഷ്ടിക്കും. പൊതുസമൂഹം ഇപ്പോൾ ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രസംഗമല്ല; വ്യക്തമായ മറുപടികളാണ്. എം.എസ്.സി-അദാനി ഓഹരി ഇടപാടിന്റെ സ്വഭാവം എന്താണ്? സംസ്ഥാന സർക്കാരിന് ലഭിച്ച ഔദ്യോഗിക വിവരം എന്തായിരുന്നു? കേരളത്തിന്റെ കരാർ അവകാശങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ? ഭാവിയിലെ നിയന്ത്രണത്തിൽ സ്വാധീനമുണ്ടാകുമോ? ഈ ചോദ്യങ്ങൾക്കുള്ള രേഖാപരമായ മറുപടിയാണ് വിശ്വാസം പുനഃസ്ഥാപിക്കുക. ജനാധിപത്യത്തിൽ വികസന പദ്ധതികൾ എത്ര വലിയതാണെങ്കിലും അവയുടെ നടത്തിപ്പ് സുതാര്യമായിരിക്കണം. ചോദ്യങ്ങൾ ചോദിക്കുന്നവരെ രാഷ്ട്രീയമായി ആക്രമിക്കുന്നതല്ല സർക്കാരിന്റെ ദൗത്യം; മറിച്ച് ജനങ്ങളുടെ ആശങ്കകൾ അകറ്റുന്ന വസ്തുതകൾ അവതരിപ്പിക്കുകയാണ്. വിഴിഞ്ഞം കേരളത്തിന്റെ അഭിമാനമാണ്. ആ അഭിമാനത്തിന് മുകളിൽ ദുരൂഹതയുടെ നിഴൽ വീഴാൻ അനുവദിക്കരുത്. കാരണം ഒരു തുറമുഖത്തിന്റെ ഭാവി മാത്രമല്ല, ഭരണത്തിന്റെ വിശ്വാസ്യതയും ജനങ്ങളുടെ വിശ്വാസവും കൂടിയാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്.

