Home Top Storiesവയനാട് മണ്ണിടിച്ചിൽ: നിർമാണത്തിൽ പിഴവില്ലെന്ന് കൊങ്കൺ റെയിൽവേ; ‘മണ്ണെടുത്തത് ശാസ്ത്രീയമായി’, സർക്കാർ വാദം തള്ളി

വയനാട് മണ്ണിടിച്ചിൽ: നിർമാണത്തിൽ പിഴവില്ലെന്ന് കൊങ്കൺ റെയിൽവേ; ‘മണ്ണെടുത്തത് ശാസ്ത്രീയമായി’, സർക്കാർ വാദം തള്ളി

by news_desk1
0 comments

കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സർക്കാർ വാദം തള്ളി കൊങ്കൺ റെയിൽവേ. തുരങ്ക നിർമാണത്തിൽ പിഴവില്ലെന്നും അപകടത്തിന് കാരണം മലയിടിച്ചിലാണെന്നും കമ്പനി വിശദീകരിച്ചു. തുരങ്ക നിർമാണത്തിനായി മണ്ണെടുത്തത് ശാസ്ത്രീയമായ രീതിയിലാണെന്നും കൊങ്കൺ റെയിൽവേ അവകാശപ്പെട്ടു.

തുരങ്കമുഖത്ത് നിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന വാദം ശരിയല്ലെന്നും കമ്പനി വ്യക്തമാക്കി.

നിർമാണ രീതിയും രൂപകൽപ്പനയും ശാസ്ത്രീയമായാണ് നടപ്പാക്കിയതെന്നും കട്ട് ആൻഡ് കവർ മേഖലയിൽ മണ്ണിന് യാതൊരു പ്രശ്നവും സംഭവിച്ചിട്ടില്ലെന്നും കൊങ്കൺ റെയിൽവേ അറിയിച്ചു. തുരങ്ക നിർമാണത്തിന്റെ ഭാഗമായി മണ്ണെടുത്തതും ശാസ്ത്രീയമായ രീതിയിലാണെന്നും 110 മീറ്റർ ഉയരത്തിൽ ഉണ്ടായ മലയിടിച്ചിലാണ് ദുരന്തത്തിന് കാരണമായതെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, കാണാതായ തൊഴിലാളികൾക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുകയാണ്. ഇന്നലെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. എൻഡിആർഎഫ്, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് ഇന്ന് പരിശോധന തുടരുന്നത്.

നിലവിൽ സോൺ ഒന്ന്, മൂന്ന് മേഖലകൾ കേന്ദ്രീകരിച്ചാണ് വ്യാപക തെരച്ചിൽ പുരോഗമിക്കുന്നത്. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്.

ഇതിനിടെ കരാർ കമ്പനിയുടെ ഗുരുതര അനാസ്ഥ വ്യക്തമാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുരക്ഷാഭിത്തിയിൽ വിള്ളലുണ്ടെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) മുന്നറിയിപ്പ് നിർമാണ കമ്പനി അവഗണിച്ചതായാണ് കണ്ടെത്തൽ.

നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിർമാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോണിന് ജൂൺ 14-ന് ജിഎസ്ഐ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും കമ്പനി അത് അവഗണിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

റോക്ക് നെയിലിംഗ് നടത്തേണ്ട സ്ഥലത്ത് സോയിൽ നെയിലിംഗ് നടത്തിയതായുള്ള സാങ്കേതിക പിഴവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതിയായ വെള്ളം വാർന്നു പോകുന്നതിനുള്ള വീപ്പ് ഹോളുകൾ ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്നും മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like