Home Kerala‘അമ്മ’യിലെ തർക്കം രൂക്ഷം; രാജിവെക്കാനൊരുങ്ങി അഡ്‌ഹോക്ക് കമ്മിറ്റി, നിയമപോരാട്ടത്തിനില്ലെന്ന് അംഗങ്ങൾ

‘അമ്മ’യിലെ തർക്കം രൂക്ഷം; രാജിവെക്കാനൊരുങ്ങി അഡ്‌ഹോക്ക് കമ്മിറ്റി, നിയമപോരാട്ടത്തിനില്ലെന്ന് അംഗങ്ങൾ

by news_desk1
0 comments

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കം രൂക്ഷമായതിനെ തുടർന്ന് അഡ്‌ഹോക്ക് കമ്മിറ്റി രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിയമപോരാട്ടത്തിലേക്ക് പോകാൻ താൽപര്യമില്ലെന്നാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കിയത്.

മുൻ കമ്മിറ്റിയിൽ നിന്ന് ഏറ്റെടുത്ത അധികാരങ്ങൾ തിരികെ കൈമാറിയതായും കമ്മിറ്റി അറിയിച്ചു. താക്കോലുകൾ, വൈഫൈ പാസ്‌വേഡ്, ഇമെയിൽ പാസ്‌വേഡ്, വിവിധ രേഖകൾ എന്നിവ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെ വിളിച്ചുവരുത്തി തിരികെ കൈമാറുകയായിരുന്നു.

കോടതി ഇടപെടലുണ്ടായപ്പോഴും ജനറൽ ബോഡി അംഗങ്ങൾ അഡ്‌ഹോക്ക് കമ്മിറ്റിക്കൊപ്പം നിന്നില്ലെന്നാണ് കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളുടെ വിലയിരുത്തൽ. മുതിർന്ന അംഗങ്ങൾ പ്രതികരിക്കാത്തതിലും അംഗങ്ങൾക്കിടയിൽ അമർഷമുണ്ടെന്നാണ് വിവരം.

രമേഷ് പിഷാരടിയും ശ്വേതാ മേനോനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട സംഭവത്തിൽ ശ്വേതാ മേനോനെതിരെ അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങൾ വിമർശനവും ഉന്നയിക്കുന്നുണ്ട്.

രാജി പ്രഖ്യാപിച്ച മുൻ കമ്മിറ്റി തന്നെ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകട്ടെയെന്നാണ് അഡ്‌ഹോക്ക് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.

‘അമ്മ’ ജനറൽ ബോഡിക്ക് ശേഷമാണ് ശ്വേതാ മേനോൻ ജനറൽ സെക്രട്ടറിയായിരുന്ന കമ്മിറ്റി രാജി പ്രഖ്യാപിച്ചത്. തുടർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക്ക് കമ്മിറ്റി ചുമതലയേറ്റിരുന്നു. എന്നാൽ മുൻ കമ്മിറ്റി ഔദ്യോഗികമായി രാജിവെച്ചിരുന്നില്ലാത്തത് പ്രതിസന്ധിക്ക് കാരണമായി.

ഇതിനിടെയാണ് അഡ്‌ഹോക്ക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോൻ കോടതിയെ സമീപിച്ചത്. ജനറൽ ബോഡിയിൽ ഉയർന്ന വിമർശനങ്ങളിൽ നിരപരാധിത്വം തെളിയിച്ച ശേഷമേ സ്ഥാനമൊഴിയൂ എന്നായിരുന്നു അവരുടെ നിലപാട്.

ചട്ടങ്ങൾ പരിഗണിച്ച കോടതി, ശ്വേതാ മേനോൻ ജനറൽ സെക്രട്ടറിയായിരുന്ന മുൻ കമ്മിറ്റിക്ക് തിരഞ്ഞെടുപ്പ് വരെ തുടരാമെന്ന് ഉത്തരവിട്ടു. തുടർന്ന് രമേഷ് പിഷാരടി അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചിരുന്നു.

ഇതിനിടെ രമേഷ് പിഷാരടിയുടെ ഫോൺ സംഭാഷണം പുറത്തുവന്നതും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.

You may also like