Home Internationalഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; ബഹ്റൈനും കുവൈത്തിനുമെതിരായ ആക്രമണം അപലപിച്ച് ഒമാൻ, നയതന്ത്രപരിഹാരത്തിന് ആഹ്വാനം

ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; ബഹ്റൈനും കുവൈത്തിനുമെതിരായ ആക്രമണം അപലപിച്ച് ഒമാൻ, നയതന്ത്രപരിഹാരത്തിന് ആഹ്വാനം

by news_desk1
0 comments

മസ്കറ്റ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നതിനിടെ ബഹ്റൈനിനും കുവൈത്തിനുമെതിരെ നടന്ന സൈനിക ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സൗദി അറേബ്യയുടെയും ഖത്തറിന്റെയും രണ്ട് വാണിജ്യ കപ്പലുകൾ ലക്ഷ്യമിട്ട ആക്രമണങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു. ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് നിലപാട് വ്യക്തമാക്കിയത്.

സഹോദര രാജ്യങ്ങളായ ബഹ്റൈനിനും കുവൈത്തിനും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഒമാൻ, മേഖലയിൽ കൂടുതൽ സംഘർഷമുണ്ടാകാതിരിക്കാൻ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

സൈനിക നടപടികൾ അവസാനിപ്പിച്ച് സംഭാഷണത്തിനും നയതന്ത്രപരമായ പരിഹാരങ്ങൾക്കും മുൻഗണന നൽകണമെന്നും ഒമാൻ ആവശ്യപ്പെട്ടു. ഇതിനുമുമ്പ് കൈവരിച്ച ധാരണകളും കരാറുകളും പൂർണമായി നടപ്പാക്കുന്നതിലൂടെ മേഖലയിൽ സുരക്ഷയും സമാധാനവും ശക്തിപ്പെടുത്താൻ എല്ലാ വിഭാഗങ്ങളും പ്രതിബദ്ധത കാണിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു.

ഹോർമുസ് കടലിടുക്കിനെയും ഗൾഫ് മേഖലയെയും ചുറ്റിപ്പറ്റിയുള്ള സുരക്ഷാ ആശങ്കകൾ അതീവ ഗൗരവത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ, സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാൻ നയതന്ത്ര ശ്രമങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന വ്യക്തമായ സന്ദേശമായാണ് ഒമാന്റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

You may also like