‘
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ വികാരനിർഭരമായ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും ബന്ധുക്കളും. മാതാപിതാക്കൾ അനുഭവിച്ച വേദന ചെന്താമരയും അറിയണമെന്ന് മക്കൾ പറഞ്ഞു.
ചെന്താമര കൊലപ്പെടുത്തിയ സജിതയുടെ സഹോദരി സരിതയും ശക്തമായ പ്രതികരണമാണ് നടത്തിയത്. മക്കൾക്ക് ജോലി നൽകണമെന്നും ചെന്താമരയ്ക്ക് തൂക്കുശിക്ഷ തന്നെ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. തക്കതായ പരമാവധി ശിക്ഷ നൽകണമെന്നും, അയാൾക്ക് ഒന്നിനെയും പേടിയില്ലെന്നും സരിത പറഞ്ഞു.
കോടതിയിൽ ചെന്താമര നടത്തിയ പരാമർശങ്ങൾ കേട്ട് ഭയന്നുപോയെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു.
അതേസമയം, കേസിലെ പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാണെന്ന് പാലക്കാട് മുൻ എസ്.പി. അജിത് കുമാർ പറഞ്ഞു. സമൂഹത്തിന് അപകടകാരിയായ കുറ്റവാളിയാണ് ചെന്താമരയെന്നും, കൊല്ലപ്പെട്ടവരുടെ മക്കളുടെ കണ്ണീർ ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് പെൺകുട്ടികളുടെ ജീവിതത്തിൽ ഉണ്ടായ നഷ്ടത്തിന് പകരമാകാൻ ഒന്നിനും കഴിയില്ല. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് അവർക്ക് നൽകിയ വാക്ക് പാലിക്കുമെന്നും, കേസിൽ വിശദമായ അന്വേഷണം നടത്തിയെന്നും മുൻ എസ്.പി. വ്യക്തമാക്കി.
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷ മറ്റന്നാൾ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി പ്രഖ്യാപിക്കും.
വിധിക്ക് ശേഷവും യാതൊരു കുറ്റബോധവുമില്ലാത്ത രീതിയിലായിരുന്നു ചെന്താമരയുടെ പ്രതികരണം. ‘ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല. വേണ്ടിവന്നാൽ മറ്റുള്ളവരെയും കൊല്ലും’ എന്നായിരുന്നു കോടതിയിൽ ഇയാൾ പറഞ്ഞത്.
‘എഴുതാൻ പറ്റുന്നത് എഴുതിക്കോ… ഈ അവസ്ഥ നിങ്ങൾക്കും വരണം, അപ്പോഴാണ് അറിയുക. എനിക്ക് തടസം നിന്നാൽ ഇങ്ങനെയായിരിക്കും പെരുമാറ്റം’ എന്നിങ്ങനെയും ചെന്താമര കോടതിയിൽ പറഞ്ഞു.

