Home Top Storiesനിയമനത്തട്ടിപ്പ് അന്വേഷണം ശക്തമാക്കി ക്രൈം ബ്രാഞ്ച്; പി.എസ്.സി ആസ്ഥാനത്തെത്തി ഐജി അജിത ബീഗം, നിർണായക രേഖകൾ ശേഖരിക്കാൻ നീക്കം

നിയമനത്തട്ടിപ്പ് അന്വേഷണം ശക്തമാക്കി ക്രൈം ബ്രാഞ്ച്; പി.എസ്.സി ആസ്ഥാനത്തെത്തി ഐജി അജിത ബീഗം, നിർണായക രേഖകൾ ശേഖരിക്കാൻ നീക്കം

by news_desk1
0 comments

തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി ക്രൈം ബ്രാഞ്ച്. അന്വേഷണ സംഘമേധാവിയായ ഐജി അജിത ബീഗം പി.എസ്.സി ആസ്ഥാനത്തെത്തി ചെയർമാൻ എം.ആർ. ബൈജുവുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണരീതിയും ആവശ്യമായ രേഖകളും സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നതെന്നാണ് വിവരം.

ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കാൻ പി.എസ്.സി തീരുമാനിച്ചതിന് പിന്നാലെയാണ് ഐജി പട്ടത്തെ പി.എസ്.സി ആസ്ഥാനത്തെത്തിയത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ നിയമന നടപടിക്രമങ്ങൾ, പരീക്ഷാ നടത്തിപ്പ്, അന്വേഷണത്തിന് ആവശ്യമായ രേഖകൾ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ച നടന്നതായാണ് വിവരം.

ആവശ്യമായ രേഖകൾ ലഭ്യമാക്കാൻ ക്രൈം ബ്രാഞ്ച് സംഘം ഉടൻ തന്നെ പി.എസ്.സിക്ക് ഔദ്യോഗികമായി കത്ത് നൽകും. സർക്കാരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി അന്വേഷണവുമായി സഹകരിക്കാനാണ് ഇന്ന് ചേർന്ന കമ്മീഷൻ യോഗം തീരുമാനിച്ചത്. കമ്മീഷന്റെ സ്റ്റാൻഡിംഗ് കൗൺസിലിന്റെ നിയമോപദേശവും ഇതിന് അനുകൂലമായിരുന്നു. ചട്ടങ്ങളും നിയമങ്ങളും അനുശാസിക്കുന്ന രേഖകൾ ക്രൈം ബ്രാഞ്ചിന് കൈമാറുമെന്ന് കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, രേഖകൾ കൈമാറുന്ന കാര്യത്തിൽ ഭാവിയിൽ തർക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രഹസ്യസ്വഭാവമുള്ള രേഖകൾ സ്ഥാപനത്തിന്റെ പരിരക്ഷയുടെ ഭാഗമായി പുറത്തുനിന്നുള്ള ഏജൻസികൾക്ക് സാധാരണയായി കൈമാറാറില്ല. പരാതി ഉയർന്ന നിയമനവുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ തയ്യാറാക്കൽ, മൂല്യനിർണയം എന്നിവയുടെ മുഴുവൻ രേഖകളും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടാൽ കമ്മീഷൻ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.

പരാതിക്കാരിൽ നിന്ന് മൊഴിയെടുത്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്ന ക്രൈം ബ്രാഞ്ച്, പി.എസ്.സിയിലെ ഉന്നതതലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. ഈ ഘട്ടത്തിൽ കമ്മീഷന്റെ തുടർസഹകരണം അന്വേഷണത്തിന്റെ ഗതിയെ നിർണയിക്കുന്ന പ്രധാന ഘടകമാകും.

You may also like