Home Top Storiesഒമാൻ തീരത്ത് യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർക്ക് പരിക്ക്

ഒമാൻ തീരത്ത് യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർക്ക് പരിക്ക്

by news_desk1
0 comments

തെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് യുഎഇയുടെ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റതിൽ ആറുപേർ ഇന്ത്യക്കാരാണ്. ഇവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഹോർമൂസിൽ ഒമാൻ ജലാതിർത്തിക്കുള്ളിലെ തെക്കൻ കപ്പൽപ്പാതയിലൂടെ സഞ്ചരിച്ചിരുന്ന യുഎഇയുടെ മൊബാസ, അൽ ബഹിയ എന്നീ എണ്ണക്കപ്പലുകളെയാണ് ആക്രമിച്ചത്. കൊല്ലപ്പെട്ട ഇന്ത്യൻ നാവികൻ മൊബാസ കപ്പലിലുണ്ടായിരുന്നയാളാണ്. പരിക്കേറ്റവരിൽ രണ്ട് പേർ യുക്രൈൻ സ്വദേശികളായ നാവികരുമാണ്.

സംഭവം സ്ഥിരീകരിച്ച യുഎഇ പ്രതിരോധ മന്ത്രാലയം, ഇറാന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണെന്ന് ആരോപിച്ചു. കപ്പലുകളിൽ ഉണ്ടായ തീ നിയന്ത്രണവിധേയമാക്കിയതായും മന്ത്രാലയം അറിയിച്ചു.

സംഭവത്തിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ വിഷയം ഉന്നയിക്കാനും, ഇറാന്റെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാനുമാണ് നീക്കം.

അതേസമയം, മുന്നറിയിപ്പുകൾ അവഗണിച്ചാണ് കപ്പലുകൾ മുന്നോട്ട് നീങ്ങിയതെന്നാണ് ഇറാന്റെ വിശദീകരണം. മൈൻ സ്ഥാപിച്ചിരുന്ന പാതയിലൂടെയായിരുന്നു കപ്പലുകൾ സഞ്ചരിച്ചതെന്നും, അവയെ തടയുന്നതിനായാണ് ആക്രമണം നടത്തിയതെന്നും ഇറാൻ അവകാശപ്പെട്ടു. സംഭവത്തിൽ ഇന്ത്യയ്ക്ക് ഔദ്യോഗിക വിശദീകരണം നൽകുമെന്നും ഇറാൻ അറിയിച്ചു.

ഇതിനിടെ ഇറാനെ ലക്ഷ്യമിട്ട് അടുത്തഘട്ട ആക്രമണം ആരംഭിച്ചതായി അമേരിക്ക അറിയിച്ചു. ഹന്ദർ അബാസ്, കിഷ് ദ്വീപ്, ജാം, ഖേ ഷം ദ്വീപ് എന്നിവിടങ്ങളിൽ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിലെ പിക്കാക്‌സ് ആണവകേന്ദ്രം ലക്ഷ്യമിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്.

തുടർച്ചയായി മൂന്നാം ദിവസവും അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആക്രമണം തുടരുന്നതിനിടെ ഹോർമൂസിൽ ഉപരോധം തുടരുമെന്നും അമേരിക്ക അറിയിച്ചു. എല്ലാ ചരക്കുകപ്പലുകളും 20 ശതമാനം ചുങ്കം നൽകണമെന്ന നിർദേശവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഷിപ്പിംഗ് ഏജൻസി പ്രതികരിച്ചു.

ചെങ്കടലിലും സംഘർഷം വ്യാപിക്കുമെന്ന ആശങ്ക ശക്തമാണ്. ബാബ് അൽ മന്ദബ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് യെമൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന വിമാനത്താവളവും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം സൗദി അറേബ്യ ഏറ്റെടുത്തപ്പോൾ തിരിച്ചടിച്ചതായി ഹൂതികളും അവകാശപ്പെട്ടു.

സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ നാല് വിമാനത്താവളങ്ങൾ അടച്ചിട്ടതായും, പശ്ചിമേഷ്യയിലെ യുദ്ധഭീതിയോടെ ആഗോള എണ്ണവില വീണ്ടും കുതിച്ചുയരാനിടയുണ്ടെന്നുമാണ് വിലയിരുത്തൽ.

You may also like