തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടന്ന ദുരനുഭവം തുറന്നുപറഞ്ഞ് മന്ത്രി ബിന്ദു കൃഷ്ണ. മുഖം ഉൾപ്പെടുത്താതെ തന്റെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതായി മന്ത്രി വെളിപ്പെടുത്തി. കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവമെന്നും അവർ പറഞ്ഞു.
ചിത്രം സമൂഹമാധ്യമത്തിൽ വന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ ഇടപെട്ട് അത് നീക്കം ചെയ്യിച്ചെങ്കിലും, അതിന് മുമ്പ് മറ്റുചിലർ സ്ക്രീൻഷോട്ട് എടുത്തിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയായ തനിക്ക് പോലും ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്ന സാഹചര്യത്തിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന ചോദ്യവും ബിന്ദു കൃഷ്ണ ഉയർത്തി.
സ്ത്രീ സുരക്ഷാ പെൻഷൻ മുടങ്ങിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. മുൻ സർക്കാർ പദ്ധതി ആത്മാർഥതയില്ലാതെയാണ് നടപ്പാക്കിയതെന്നും, അതിനേക്കാൾ മികച്ച പദ്ധതി നിലവിലെ സർക്കാർ നടപ്പാക്കുമെന്നും അവർ പറഞ്ഞു.
തൊഴിലിടങ്ങളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ പ്രവർത്തനം കൂടുതൽ ശക്തമായി നിരീക്ഷിക്കുമെന്നും, കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി മറ്റ് സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെടുമെന്നും മന്ത്രി അറിയിച്ചു.

