അസ്താന: ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്ന ആദ്യ മലയാളിയായി അനിൽ മേനോൻ ചരിത്രമെഴുതി. കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് അനിൽ മേനോൻ ഉൾപ്പെടെ മൂന്ന് ബഹിരാകാശ യാത്രികരെ വഹിച്ച റഷ്യൻ നിർമിത സോയൂസ് എംഎസ്-29 പേടകം വിജയകരമായി വിക്ഷേപിച്ചു. എക്സ്പെഡിഷൻ 74 ദൗത്യത്തിന്റെ ഭാഗമായാണ് അനിൽ മേനോൻ ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്നത്.
റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിനൊപ്പം പേടകത്തിലുണ്ട്. ഇന്ത്യൻ സമയം രാത്രി 11.26-ഓടെ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. ഡോക്കിങ് നടപടികൾ പൂർത്തിയാക്കിയ ശേഷം പുലർച്ചെ 1.25-ന് സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കും.
ബഹിരാകാശ യാത്ര മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ, മൈക്രോഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹത്തിലെ മാറ്റങ്ങൾ, രക്തത്തിലെ ഘടകങ്ങളിലുണ്ടാകുന്ന വ്യത്യാസങ്ങൾ, ബഹിരാകാശ നിലയത്തിലെ കുടിവെള്ളം ഉപയോഗിച്ച് ഐവി ഫ്ലൂയിഡ് നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെയുള്ള നിർണായക പരീക്ഷണങ്ങളാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
2014-ൽ നാസയിൽ ഫ്ലൈറ്റ് സർജനായാണ് അനിൽ മേനോൻ പ്രവർത്തനം ആരംഭിച്ചത്. ബഹിരാകാശ സഞ്ചാരികൾക്ക് മെഡിക്കൽ പിന്തുണ നൽകുന്ന സംഘത്തിലായിരുന്നു അദ്ദേഹം. 2018-ൽ സ്പേസ് എക്സിൽ ചേർന്ന അനിൽ, കമ്പനിയുടെ ആദ്യ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായി പ്രവർത്തിച്ചു. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ടത്.
പാതി മലയാളിയായ അനിൽ മേനോൻ അമേരിക്കയിലാണ് ജനിച്ചതും വളർന്നതും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോനാണ് പിതാവ്. ഉക്രൈൻ സ്വദേശിനിയാണ് മാതാവ്. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സ്പേസ് എക്സിന്റെ ആദ്യ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായിരുന്ന അനിൽ മേനോൻ യുഎസ് വ്യോമസേനയിൽ കേണലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എമർജൻസി മെഡിസിൻ വിദഗ്ധനായ അദ്ദേഹം ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യപരിപാലന രംഗത്താണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്. സ്പേസ് എക്സ് ജീവനക്കാരിയായ അന്ന മേനോനാണ് ഭാര്യ.

