Home Top Storiesഇവി ചാർജ് ചെയ്യുന്നതിനിടെ വൻ തീപ്പിടിത്തം; നോയിഡയിലെ പാർപ്പിട സമുച്ചയത്തിൽ രണ്ടുപേർ മരിച്ചു, 50 കുടുംബങ്ങളെ ഒഴിപ്പിച്ചു

ഇവി ചാർജ് ചെയ്യുന്നതിനിടെ വൻ തീപ്പിടിത്തം; നോയിഡയിലെ പാർപ്പിട സമുച്ചയത്തിൽ രണ്ടുപേർ മരിച്ചു, 50 കുടുംബങ്ങളെ ഒഴിപ്പിച്ചു

by news_desk1
0 comments

ന്യൂഡൽഹി: നോയിഡയിലെ മാമുറയിലെ ഒരു പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപ്പിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിൽ താമസിച്ചിരുന്ന 50-ഓളം കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഫയർഫോഴ്‌സ് മണിക്കൂറുകളായുള്ള രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിങ് ഏരിയയിൽ ഒരു ഇലക്ട്രിക് വാഹനം (ഇവി) ചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയും തീപ്പിടിത്തവും ഉണ്ടായതെന്ന് ഗൗതം ബുദ്ധ നഗർ പോലീസ് ജോയിന്റ് കമ്മീഷണർ രാജീവ് നരെയ്ൻ അറിയിച്ചു. ഇവിയിൽ നിന്നുണ്ടായ തീ സമീപത്ത് പാർക്ക് ചെയ്തിരുന്ന പെട്രോൾ വാഹനങ്ങളിലേക്കും പടർന്നതോടെയാണ് അപകടം രൂക്ഷമായത്.

തീപിടിത്തത്തെ തുടർന്ന് പാർക്കിങ് ഏരിയയിലെ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വിവരം ലഭിച്ചതോടെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹൈഡ്രോളിക് പ്ലാറ്റ്ഫോമുകളും ഗോവണികളും ഉപയോഗിച്ചാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചത്.

പുക ശ്വസിച്ച് അവശനിലയിലായവരെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ബേസ്മെന്റിലല്ല, കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇവിടെ നിന്നുയർന്ന തീയും കനത്ത പുകയും മുകളിലെ നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. ഓരോ നിലയിലും അഞ്ച് കുടുംബങ്ങൾ വീതമാണ് താമസിച്ചിരുന്നതെന്നും അധികൃതർ പറഞ്ഞു.

സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തതായും അപകടത്തിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

You may also like