Home Kerala‘വൈദ്യുതി മന്ത്രിക്ക് വിവരക്കേടും കാഴ്ചപ്പാടിന്റെ കുറവും’; വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം

‘വൈദ്യുതി മന്ത്രിക്ക് വിവരക്കേടും കാഴ്ചപ്പാടിന്റെ കുറവും’; വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം

by news_desk1
0 comments

ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. വൈദ്യുതി വകുപ്പ് മന്ത്രിക്ക് വിവരക്കേടുണ്ടെന്നും യുഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാടിന്റെ കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഉൽപ്പാദനം കുറയുന്ന സാഹചര്യത്തിൽ മുൻകൂട്ടി കരാറുകൾ ചെയ്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടതുണ്ടായിരുന്നുവെന്ന് എം.എം. മണി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞത് ഇത്തരത്തിൽ പുറം സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

‘മഴ കുറവാണെങ്കിലും വൈദ്യുതി ലഭ്യമാക്കാൻ മാർഗങ്ങളുണ്ട്. സംസ്ഥാനത്ത് ആകെ ആവശ്യമായ വൈദ്യുതിയുടെ ഏകദേശം 40 ശതമാനം മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. ഉൽപ്പാദനം കുറയുമ്പോൾ മറ്റ് ഇടങ്ങളിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങണം. മഴ കുറവോ സർക്കാർ മാറിയതോ അല്ല പ്രശ്നം. ആവശ്യമായ വിവരം വേണം. അത് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും കുറവാണ്,’ എം.എം. മണി വിമർശിച്ചു.

അതേസമയം, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ സംഘടനകൾ ഒരുങ്ങുകയാണ്. തിരുവനന്തപുരം വൈദ്യുതിഭവനിലേക്ക് ഡിവൈഎഫ്‌ഐ ഇന്ന് മാർച്ച് നടത്തും.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്നലെയും പല സ്ഥലങ്ങളിലും അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങി. മഴ ലഭിക്കാത്ത സാഹചര്യത്തിൽ കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത പക്ഷം നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിരുന്നെങ്കിലും പല പ്രദേശങ്ങളിലും അതിലധികം സമയം വൈദ്യുതി മുടങ്ങിയെന്ന പരാതിയുണ്ട്. കൃത്യമായ സമയക്രമം പാലിക്കാത്തതിനാൽ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും ചിലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി മുടങ്ങുന്നതായും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. വൈദ്യുതി മുടങ്ങുന്ന സമയം മുൻകൂട്ടി അറിയിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പ്രതിസന്ധി പരിഹരിക്കുന്നതിനായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. റൗണ്ട് ദ ക്ലോക്ക് അടിസ്ഥാനത്തിൽ യൂണിറ്റിന് 5.96 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷനിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ രണ്ട് ദിവസത്തിനകം വൈദ്യുതി ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

പീക്ക് സമയങ്ങളിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതും പരിഗണനയിലാണ്. ഡീപ് പോർട്ടൽ വഴി ഹ്രസ്വകാല അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങാനുള്ള നീക്കവും പുരോഗമിക്കുന്നു. കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിലൂടെ പ്രതിസന്ധിക്ക് ഭാഗിക പരിഹാരം കാണാനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഈ മാസം 23ന് ശേഷമുണ്ടാകും.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ നിലവിൽ സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എയർ കണ്ടീഷണറുകളും അലങ്കാര വിളക്കുകളും ഉൾപ്പെടെയുള്ള വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും പ്രതിസന്ധി മറികടക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു.

You may also like