ലഖ്നൗ: രാജ്യം ശ്രദ്ധയോടെ ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. വൈകുന്നേരത്തോടെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറാനാണ് സാധ്യതയെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സൂചിപ്പിച്ചു. റിപ്പോർട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് സമർപ്പിക്കുക.
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സർക്കാർ അധികമായി അനുവദിച്ച 15 ദിവസത്തെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികൾ വേഗത്തിലായത്.
ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും, മൂന്ന് കോടി രൂപയുടെ തട്ടിപ്പ് മാത്രമാണ് നടന്നതെന്നാണ് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ട്രസ്റ്റിന്റെ ഈ വിശദീകരണം അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നതായും വിവരമുണ്ട്.
ട്രസ്റ്റിന് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുമ്പോഴും, ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന വിഎച്ച്പി നേതാവുമായ ചമ്പത് റായിക്കെതിരെ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. നേരത്തെ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ അദ്ദേഹത്തെ പൂർണമായും ഒഴിവാക്കിയിരുന്നു.
അതേസമയം, മുൻ ട്രസ്റ്റിയായ അനിൽ മിശ്രയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും അനാസ്ഥയും പ്രാഥമിക റിപ്പോർട്ടിൽ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. ഈ കണ്ടെത്തലുകൾ അന്തിമ റിപ്പോർട്ടിലും നിലനിൽക്കാനാണ് സാധ്യത.
ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറിയതിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുമതിയോടെയാകും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക. ക്ഷേത്രവുമായി ബന്ധപ്പെട്ട അതീവസൂക്ഷ്മ വിഷയമായതിനാൽ റിപ്പോർട്ടിന്റെ ഉള്ളടക്കം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

