തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള അഭിപ്രായഭിന്നതകൾ ചർച്ചയാകുന്നതിനിടെ, കെ.എസ്.യുവിന്റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി. ഇന്ന് കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കെട്ടിപ്പടുത്തത് കെ.എസ്.യുവിന്റെ പോരാട്ടവീര്യമാണെന്ന് അദ്ദേഹം കുറിച്ചു.
കോൺഗ്രസ് നേതാവ് പ്രഫുല്ല ചന്ദ്രനെ അനുസ്മരിച്ചുള്ള കുറിപ്പിലാണ് കെ.സി. വേണുഗോപാൽ കെ.എസ്.യുവിന്റെ സമരപാരമ്പര്യത്തെ എടുത്തുപറഞ്ഞത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തനകാലത്ത് ഒപ്പമുണ്ടായിരുന്ന പ്രഫുല്ല ചന്ദ്രന്റെ വേർപാട് ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
1989-ലെ പാഠപുസ്തക സമരവും സെക്രട്ടേറിയറ്റ് മാർച്ചും ഓർത്തെടുത്ത വേണുഗോപാൽ, നന്ദാവനം എ.ആർ. ക്യാമ്പിൽ പൊലീസ് നടത്തിയ അതിക്രൂര മർദനത്തിൽ തനിക്കൊപ്പം പ്രഫുല്ല ചന്ദ്രനും ഉണ്ടായിരുന്നുവെന്ന് കുറിച്ചു. ഗുരുതരമായി മർദനമേറ്റിട്ടും സ്വന്തം വേദന മറന്ന് സഹപ്രവർത്തകരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച പ്രഫുല്ല ചന്ദ്രന്റെ സമരവീര്യം മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യകാലത്ത് എസ്.എഫ്.ഐയിലായിരുന്ന പ്രഫുല്ല ചന്ദ്രൻ പിന്നീട് കെ.എസ്.യുവിൽ ചേർന്ന് സജീവ പ്രവർത്തകനായി മാറിയെന്നും തുടർന്ന് യൂത്ത് കോൺഗ്രസിലല്ല, സേവാദളിലൂടെയാണ് പൊതുപ്രവർത്തനം തുടർന്നതെന്നും വേണുഗോപാൽ അനുസ്മരിച്ചു. സംസ്ഥാന ഓർഗനൈസർ പദവിയിലേക്കും പിന്നീട് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അദ്ദേഹം ഉയർന്നുവെന്നും, അവസാനകാലംവരെയും പാർട്ടിയുടെ സജീവ മുഖമായി തുടർന്നുവെന്നും കുറിപ്പിൽ പറയുന്നു.
“കെ.എസ്.യുവാണ് എന്നെയും പ്രഫുല്ല ചന്ദ്രനെയും ഒന്നിപ്പിച്ചത്. ഞങ്ങളെയെല്ലാം ഒന്നിച്ചുചേർത്തതും കെ.എസ്.യുവാണ്. ഇന്ന് കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും കെ.എസ്.യുവിന്റെ പോരാട്ടവീര്യം തന്നെയാണ്” എന്ന് കെ.സി. വേണുഗോപാൽ കുറിച്ചു.
കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും സഹപ്രവർത്തകനായിരുന്ന മാരായമുട്ടം സുരേഷിനെയും വേണുഗോപാൽ അനുസ്മരിച്ചു. വിദ്യാർഥി-യുവജന സമരങ്ങളിൽ മുന്നണിപ്പോരാളിയായിരുന്ന സുരേഷ് പിന്നീട് ഡി.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവെന്നും, പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത പുലർത്തിയ നേതാവിന്റെ വേർപാട് വലിയ നഷ്ടമാണെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലാണ് കെ.എസ്.യുവും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായത്. സർക്കാർ പ്ലീഡർമാരുടെ നിയമനത്തിൽ എ.ബി.വി.പി, എസ്.എഫ്.ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു കെ.എസ്.യുവിന്റെ വിമർശനം. എന്നാൽ, പ്ലീഡർമാരെ നിയമിക്കുന്നത് സർക്കാരാണെന്നും കെ.എസ്.യുവല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചതോടെ വിവാദം കൂടുതൽ ശക്തമായി. തുടർന്ന് എറണാകുളത്ത് നടന്ന ഒരു ചടങ്ങിൽ ഇരുവരും നേർക്കുനേർ കണ്ടെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതും ചർച്ചയായി.

