Home Keralaപാളയത്തെ കൊലപാതകം: ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, ലഹരി സംഘത്തിനെതിരെ കുടുംബത്തിന്റെ ആരോപണം

പാളയത്തെ കൊലപാതകം: ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, ലഹരി സംഘത്തിനെതിരെ കുടുംബത്തിന്റെ ആരോപണം

by news_desk1
0 comments

കോഴിക്കോട്: പാളയത്തെ വീട്ടിൽ കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി 18 കുത്തേറ്റ പാടുകൾ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. കിച്ചൺ നൈഫ് ഉപയോഗിച്ചായിരിക്കാം കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് കോഴിക്കോട് പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി പാളയം പച്ചക്കറി മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ച് പരിശോധിക്കുകയാണ്.

കൊലപാതകത്തിന് പിന്നിൽ ലഹരി സംഘമാണെന്ന് ബിജുവിന്റെ കുടുംബം ആരോപിച്ചു. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും, ഇവരുടെ പ്രവർത്തനങ്ങളെ ബിജു ചോദ്യം ചെയ്തിരുന്നതായും അമ്മ പറഞ്ഞു. വീടിന് സമീപമുള്ള ഗ്രൗണ്ടിൽ പരസ്യമായി മദ്യപിക്കാൻ എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബിജു പൊലീസിനെ അറിയിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.

ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ സംശയം. സംഭവവുമായി ബന്ധപ്പെട്ട് ചില നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു.

You may also like