മാഡ്രിഡ്: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ വ്യാപകമായി പടരുന്നതിനിടെ മൂന്ന് ലക്ഷം പേരെ വിവിധ മേഖലകളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തുടർച്ചയായ ഉഷ്ണതരംഗവും ശക്തമായ വരണ്ട കാറ്റുമാണ് കാട്ടുതീ അതിവേഗം വ്യാപിക്കാൻ കാരണമായത്.
സ്പെയിനിൽ തലസ്ഥാനമായ മാഡ്രിഡിന് സമീപവും അവില പ്രവിശ്യയിലും പടർന്ന രണ്ട് വൻ കാട്ടുതീ പിന്നീട് ഒന്നായി മാറി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഫ്രാൻസിൽ വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിൽ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ബോട്ട് മാർഗം ഒഴിപ്പിച്ചു. ഇവിടെ 19,000 ഹെക്ടറിലധികം വനഭൂമി ഇതിനകം കത്തിനശിച്ചതായി അധികൃതർ അറിയിച്ചു.
സ്ഥിതി നിയന്ത്രണാതീതമായതിനെ തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ യൂണിയന്റെ അടിയന്തര സഹായം തേടിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാൻ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
