തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പ് സമഗ്ര മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ജീവനക്കാരുടെ കുറവ്, കെട്ടിടങ്ങളുടെ ശോച്യാവസ്ഥ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികളിലേക്ക് കടന്നത്.
ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യാഴാഴ്ച മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കും. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ നേരിട്ട് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ കേന്ദ്രത്തിന്റെ നിലവിലെ അവസ്ഥയിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രോഗികളെ ജയിലിന് സമാനമായ സാഹചര്യത്തിൽ പാർപ്പിക്കുന്നുവെന്നും ആവശ്യമായ ജീവനക്കാരെ ഉടൻ നിയമിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്. ഉപയോഗയോഗ്യമല്ലാത്ത രണ്ട് കെട്ടിടങ്ങൾ പുതുക്കിപ്പണിയും. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ ബലപ്പെടുത്തുകയും മാനസികാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്യും. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ചികിത്സയിലുള്ള തടവുകാരെ ജയിലിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനാണ് പ്രധാന മുൻഗണന. മാനസികാരോഗ്യ കേന്ദ്രത്തിനായി പ്രത്യേകമായി ജീവനക്കാരെ നിയമിക്കുകയും ആവശ്യമായ പരിശീലനം നൽകുകയും ചെയ്യും. സെക്യൂരിറ്റി ജീവനക്കാരെ ആകർഷിക്കുന്നതിനായി കൂടുതൽ ശമ്പളം നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക അഡീഷണൽ ഡി.എച്ച്.എസ്. ഉദ്യോഗസ്ഥനെയും നിയോഗിക്കും.
പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിലവിലെ പോരായ്മകൾ പരിഹരിച്ച് രോഗീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് മാസ്റ്റർപ്ലാനിന്റെ പ്രധാന ലക്ഷ്യം. 22 വർഷമായി പണി പൂർത്തിയാകാതെ കിടക്കുന്ന രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കും. നിലവിലുള്ള കെട്ടിടങ്ങളുടെ ജീർണാവസ്ഥ പരിഹരിക്കുകയും 2017-ലെ മെന്റൽ ഹെൽത്ത് ആക്ട് കർശനമായി നടപ്പാക്കുകയും ചെയ്യും.
രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സമയബന്ധിതമായി ലഭ്യമാക്കും. രോഗമുക്തി നേടിയവരുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കും. അറ്റൻഡർ, കുക്ക്, സെക്യൂരിറ്റി, അലക്ക് തുടങ്ങിയ വിഭാഗങ്ങളിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കും. ജീവനക്കാരുമായി സഹകരിക്കുന്ന രോഗികൾക്ക് സെല്ലുകൾക്ക് പുറത്തേക്ക് എത്തി പ്രകൃതി ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കും.
ഇതിനായി പൊളിഞ്ഞുകിടക്കുന്ന ചുറ്റുമതിൽ പുനർനിർമിച്ച് സുരക്ഷ ശക്തമാക്കും. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലത്തെ കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുകയും, അകത്തെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
