തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കെ-ഫോൺ വഴിയുള്ള സൗജന്യ ഇന്റർനെറ്റ് സേവനം അവസാനിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. സ്കൂളുകൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന പരാതിയെ തുടർന്നാണ് സൗജന്യ സേവനം തുടരാൻ ബദൽ മാർഗങ്ങൾ തേടാനുള്ള നീക്കം ആരംഭിച്ചത്.
വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ് വിവരം. സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫ് സർക്കാർ കെ-ഫോൺ പദ്ധതി നടപ്പാക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
ഐ.ടി. വകുപ്പിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി.യും കെ.എസ്.ഐ.ടി.ഐ.എല്ലും ചേർന്നാണ് കെ-ഫോൺ പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, ആശുപത്രികൾ, ഐ.ടി. പാർക്കുകൾ എന്നിവയെല്ലാം കെ-ഫോൺ ശൃംഖലയിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്റർനെറ്റ് അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമെന്ന നേട്ടവും കേരളത്തിനുണ്ട്.
എന്നാൽ ഇനി മുതൽ കെ-ഫോൺ ഇന്റർനെറ്റ് സേവനം തുടരണമെങ്കിൽ സ്കൂളുകൾ ബിൽ അടയ്ക്കണമെന്ന അറിയിപ്പാണ് കെ-ഫോൺ അധികൃതർ നൽകിയിരുന്നത്. ബിൽ അടയ്ക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഇനി സേവനം നൽകൂവെന്നും വിദ്യാഭ്യാസ വകുപ്പിന് അയച്ച ഇമെയിലിൽ വ്യക്തമാക്കിയിരുന്നു.
നിലവിൽ സംസ്ഥാനത്തെ ഏകദേശം 6,000 സ്കൂളുകളിലാണ് കെ-ഫോൺ സേവനം ലഭ്യമാകുന്നത്. സർക്കാർ ഓഫീസുകൾ ഉൾപ്പെടെ ഇനി സൗജന്യ സേവനം തുടരില്ലെന്നും, കെ-ഫോൺ സേവനം ആവശ്യമുള്ളവർ അറിയിക്കണമെന്നും ബന്ധപ്പെട്ട നിർദേശം നൽകിയിരുന്നു. 2018 മുതൽ സംസ്ഥാനത്ത് കെ-ഫോൺ സേവനം ലഭ്യമാക്കി വരികയാണ്.
