Home Top Storiesപിഎസ്‌സി സമരത്തിന് താരപിന്തുണ ശക്തമാകുന്നു; ടൊവിനോ, നസ്ലെൻ, ചന്തു സലീംകുമാർ ഉൾപ്പെടെ നിരവധി പേർ രംഗത്ത്

പിഎസ്‌സി സമരത്തിന് താരപിന്തുണ ശക്തമാകുന്നു; ടൊവിനോ, നസ്ലെൻ, ചന്തു സലീംകുമാർ ഉൾപ്പെടെ നിരവധി പേർ രംഗത്ത്

by news_desk1
0 comments

കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന പി.എസ്.സി റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി കൂടുതൽ സിനിമാ താരങ്ങൾ രംഗത്തെത്തി. ടൊവിനോ തോമസ്, നസ്ലെൻ, ചന്തു സലീംകുമാർ എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർഥികളുടെ സമര വീഡിയോയാണ് ടൊവിനോ തോമസ് പങ്കുവെച്ചത്. അതേ വീഡിയോ നസ്ലെനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഐക്യദാർഢ്യം അറിയിച്ചു.

ഡൽഹിയിലെ വിദ്യാർഥി സമരത്തിന് പിന്നാലെ കേരളത്തിലെ പി.എസ്.സി സമരത്തിനും താരപിന്തുണ വർധിക്കുകയാണ്. വിഷയത്തിൽ നേരത്തെ അവതാരക രഞ്ജിനി ഹരിദാസും പ്രതികരിച്ചിരുന്നു. പി.എസ്.സി റാങ്ക് ജേതാക്കളുടെ സമരത്തെക്കുറിച്ച് പ്രതികരിക്കുമോയെന്ന് നിരന്തരം സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും സംസാരിക്കാൻ സന്തോഷമുണ്ടെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

എന്നാൽ വിഷയത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നും, സമരത്തിന്റെ ഭാഗമായ ആരോടെങ്കിലും നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാൻ അവസരം ലഭിക്കുമോയെന്നും രഞ്ജിനി ചോദിച്ചു. ലിയോണ ലിഷോയ്, ദീപ തോമസ് എന്നിവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ജന്തർ മന്തറിലെ വിദ്യാർഥി സമരത്തിന് സിനിമാതാരങ്ങൾ പിന്തുണ നൽകിയതിന് പിന്നാലെ കേരളത്തിലെ പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തിലും നിലപാട് സ്വീകരിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. ദേശീയ വിഷയങ്ങളിൽ മാത്രം പ്രതികരിക്കാതെ സംസ്ഥാനത്തെ ഉദ്യോഗാർഥികളുടെ പ്രശ്നങ്ങളിലും ശബ്ദമുയർത്തണമെന്ന വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ താരങ്ങൾ പി.എസ്.സി സമരത്തിന് പിന്തുണ അറിയിച്ചത്.

സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച നടൻ ചന്തു സലീംകുമാർ, ദേശീയ തലത്തിലെ വിഷയങ്ങളിൽ മാത്രം പ്രതികരിച്ചാൽ മതിയാകില്ലെന്നും സ്വന്തം നാട്ടിലെ ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങളെ അവഗണിക്കരുതെന്നും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നേരത്തെ സമരത്തിന്റെ ഭാഗമായി ഉദ്യോഗാർഥികൾ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ചതും സംസ്ഥാനതലത്തിൽ വലിയ ചർച്ചയായിരുന്നു.

You may also like