Home Keralaശബരിമല മിൽമ നെയ് വിൽപ്പനയിൽ വൻ ക്രമക്കേട്; അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ

ശബരിമല മിൽമ നെയ് വിൽപ്പനയിൽ വൻ ക്രമക്കേട്; അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ

by news_desk1
0 comments

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള മിൽമ നെയ് വിതരണത്തിൽ ആസൂത്രിതമായ ക്രമക്കേടുകൾ നടന്നതായി ക്ഷീരവകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. മിൽമ നെയ് വഴിമധ്യേ മറിച്ചുവിൽക്കുകയും നിലവാരമില്ലാത്ത നെയ് ശബരിമലയിലെത്തിച്ചെന്ന ഗുരുതര ആരോപണവുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ഒരേസമയം പത്തനംതിട്ടയിൽ യൂണിറ്റ് ഹെഡായും തിരുവനന്തപുരത്ത് പ്രൊഡക്ഷൻ മാനേജറായും പ്രവർത്തിച്ചിരുന്ന ഷൈൻ ജോസഫ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. പത്തനംതിട്ടയിൽ നിന്ന് ഇ-ടെൻഡർ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്ത് നിന്ന് അതിന് ശുപാർശ നൽകിയതും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണെന്നും, അംഗീകാരം നേടുന്നതിനായി നടത്തിയ ഇടപെടലുകൾ ദുരൂഹമാണെന്നും ക്ഷീരവകുപ്പ് ഡയറക്ടർ വിലയിരുത്തുന്നു.

ഇ-ടെൻഡർ ഒഴിവാക്കി സീൽഡ് ടെൻഡർ നടപ്പാക്കിയ നടപടി കൃത്യമായ ക്രമക്കേടിന്റെ ഭാഗമായിരുന്നുവെന്നും, നെയ് വിതരണവുമായി ബന്ധപ്പെട്ട കരാർ മാർക്കറ്റിംഗ് വിഭാഗത്തെ പൂർണമായും മറികടന്നാണ് തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

തിരുവനന്തപുരം മേഖലാ യൂണിയനും പത്തനംതിട്ട ഭരണസമിതിയും ഈ ക്രമക്കേടുകൾക്ക് കൂട്ടുനിന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. കൂടാതെ, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പരിശോധനകൾ മറികടക്കുന്നതിനായി ബാച്ച് നമ്പറുകളിൽ തിരിമറി നടത്തിയതായും റിപ്പോർട്ടിൽ നിഗമനമുണ്ട്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്നലെ പത്തനംതിട്ട മിൽമ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ബന്ധപ്പെട്ട വകുപ്പുകളുടെ നീക്കം.

You may also like