ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാവെന്ന നേട്ടം കൂടുതൽ ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം 105 മില്യൺ പിന്നിട്ടതോടെ, 100 മില്യൺ ഫോളോവേഴ്സ് നേടുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.
സമീപ ദിവസങ്ങളിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച റീൽസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. ഇതിന് പിന്നാലെ വെറും ഒരാഴ്ചയ്ക്കിടെ 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് കണക്കുകൾ.
ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. ട്രംപിന് നിലവിൽ 43.2 മില്യൺ ഫോളോവേഴ്സാണുള്ളത്. ഇതോടെ ട്രംപിനേക്കാൾ രണ്ടിരട്ടിയിലധികം ഫോളോവേഴ്സുമായി മോദി മുന്നിലാണ്.
ഇന്ത്യയിലെ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ഫോളോവേഴ്സിന്റെ എണ്ണത്തിൽ മോദി ഏറെ പിന്നിലാക്കുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16.1 മില്യൺ ഫോളോവേഴ്സും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 12.6 മില്യൺ ഫോളോവേഴ്സുമാണുള്ളത്.
