കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ നാഷണൽ കോൺഫറൻസിന്റെ പ്രചരണ പോസ്റ്ററുകളെ ചൊല്ലി വൈസ് ചാൻസലറും സർവകലാശാല വിദ്യാർത്ഥി യൂണിയനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പോസ്റ്ററുകളിൽ പാറ്റയുടെ ചിത്രങ്ങളും സംഘപരിവാർ വിരുദ്ധ മുദ്രാവാക്യങ്ങളും ഉൾപ്പെടുത്തിയതാണ് വിവാദത്തിന് വഴിവെച്ചത്. വിവാദ ചിത്രങ്ങൾ നീക്കം ചെയ്യാത്ത പക്ഷം കോൺഫറൻസിനായി അനുവദിച്ച തുക തിരിച്ചുപിടിക്കുമെന്ന് വൈസ് ചാൻസലർ ഡി. മാവൂദ് മുന്നറിയിപ്പ് നൽകി. എന്നാൽ നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥി യൂണിയൻ.
അടുത്തയാഴ്ച നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചരണ സാമഗ്രികളിൽ വിവാദ ചിത്രങ്ങളും വാചകങ്ങളും ഉൾപ്പെടുത്തിയതിനെ തുടർന്നാണ് വൈസ് ചാൻസലർ ആദ്യം അവ നീക്കം ചെയ്യാൻ സർക്കുലർ പുറത്തിറക്കിയത്. എന്നാൽ സർക്കുലർ തള്ളി വിദ്യാർത്ഥി യൂണിയനും എസ്.എഫ്.ഐയും കൂടുതൽ പോസ്റ്ററുകളും ഫ്ലെക്സുകളും സ്ഥാപിച്ചതോടെ വിഷയത്തിൽ വൈസ് ചാൻസലർ വീണ്ടും കടുത്ത നിലപാട് സ്വീകരിച്ചു.
സർവകലാശാലയുടെ ഫണ്ട് ഉപയോഗിച്ചാണ് നാഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനായി ആകെ ₹3,75,000 അനുവദിച്ചിരുന്നുവെന്നും അതിൽ ₹2,81,000 വിദ്യാർത്ഥി യൂണിയന് കൈമാറിയതായും അധികൃതർ അറിയിച്ചു. വിദ്യാർത്ഥി യൂണിയൻ സർവകലാശാലയുടെ സ്റ്റുഡന്റ്സ് കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചിട്ടുണ്ടെന്നും അതിനാൽ അനുവദിച്ച തുക തിരിച്ചുപിടിക്കുമെന്നും രജിസ്ട്രാർ നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, സർവകലാശാല യൂണിയൻ ഫണ്ട് എന്ന പേരിൽ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ച തുകയാണ് പരിപാടിക്കായി ഉപയോഗിക്കുന്നതെന്നും വൈസ് ചാൻസലറുടെ നിർദേശങ്ങൾ അംഗീകരിക്കില്ലെന്നുമാണ് വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളുടെ പ്രതികരണം. രജിസ്ട്രാർ നൽകിയ കത്തിന് സർവകലാശാല യൂണിയൻ മറുപടിയും നൽകിയിട്ടുണ്ട്.

