Home Kerala‘ഇത്രയും വലിയ അഴിമതിക്കാരനെ സുപ്രധാന പദവികളിൽ ഇരുത്തിയത് എങ്ങനെ?’; സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം

‘ഇത്രയും വലിയ അഴിമതിക്കാരനെ സുപ്രധാന പദവികളിൽ ഇരുത്തിയത് എങ്ങനെ?’; സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം

by news_desk1
0 comments

കൊച്ചി: കോടികളുടെ കശുവണ്ടി അഴിമതി കേസിൽ വിചാരണ നേരിടുന്ന കെ.എ. രതീഷ് ഖാദി ബോർഡിന്റെയും റൂട്രോണിക്സ് എംഡിയുടെയും പദവികളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഇത്രയും വലിയ അഴിമതി കേസിൽ വിചാരണ നേരിടുന്ന ഒരാളെ സുപ്രധാന സർക്കാർ പദവികളിൽ നിയമിച്ചത് എങ്ങനെയാണെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. വിഷയത്തിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകി.

₹600 കോടിയുടെ കശുവണ്ടി അഴിമതി കേസിൽ വിചാരണ നേരിടുന്ന കെ.എ. രതീഷ്, ഖാദി ബോർഡിന്റെയും റൂട്രോണിക്സ് എംഡിയുടെയും ചുമതലകൾക്കൊപ്പം ഖാദി ക്ഷേമനിധി ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും തുടരുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പദവികളിൽ നിന്ന് അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ഖാദി ക്ഷേമനിധി ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവി വഹിക്കാൻ രതീഷ് യോഗ്യനല്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഗൗരവമേറിയ അഴിമതി ആരോപണങ്ങൾ നേരിടുന്ന ഒരാളെ ഇത്തരം നിർണായക സ്ഥാനങ്ങളിൽ തുടരാൻ അനുവദിച്ചത് എങ്ങനെയാണെന്നും അഴിമതി നടത്താൻ സാധ്യതയുള്ള പദവികളിലല്ലേ അദ്ദേഹത്തെ നിയമിച്ചിരിക്കുന്നതെന്നും കോടതി സർക്കാരിനോട് ചോദിച്ചു. നിയമനം എങ്ങനെ സാധ്യമായെന്ന് വിശദീകരിക്കാനും കോടതി നിർദേശിച്ചു.

ഇടത് സർക്കാരിന്റെ കാലത്ത് കെ.എ. രതീഷിന് സംരക്ഷണം ലഭിച്ചിരുന്നുവെന്നാണ് ഹർജിയിലെ മറ്റൊരു ആരോപണം. സിബിഐ സമർപ്പിച്ച പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട അപേക്ഷ രണ്ട് തവണ സർക്കാർ തള്ളിയതായും, തുടർന്ന് യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷവും ഉദ്യോഗസ്ഥന് അനുകൂലമായ സാഹചര്യം തുടർന്നതായും ഹർജിയിൽ പറയുന്നു. പിന്നീട് കോടതി ഇടപെട്ടതോടെയാണ് പ്രോസിക്യൂഷൻ അനുമതി നൽകുകയും, അതുമായി ബന്ധപ്പെട്ട ഉത്തരവിലെ പിഴവുകൾ തിരുത്തുകയും ചെയ്തത്.

കേസിൽ സംസ്ഥാന സർക്കാർ നാലാഴ്ചയ്ക്കകം വിശദമായ മറുപടി സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

You may also like