അങ്കമാലി: സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കി സ്വകാര്യ ബസുടമകൾ. അങ്കമാലി–കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബെസ്റ്റ് വേ’ സ്വകാര്യ ബസിൽ ഇന്ന് വിദ്യാർത്ഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ഒഴികെയുള്ള പുരുഷ യാത്രക്കാർക്ക് സൗജന്യ യാത്ര ഒരുക്കിയിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി അങ്കമാലി ടൗൺ ജംഗ്ഷനിൽ ഇന്ന് സ്വകാര്യ ബസുടമകൾ ധർണയും സംഘടിപ്പിക്കും.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച ‘പ്രിയദർശിനി’ പദ്ധതി നിലവിൽ വന്നതോടെ കൊരട്ടി–അങ്കമാലി റൂട്ടിലെ സ്വകാര്യ ബസുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നാണ് ബസുടമകളുടെ ആരോപണം. ഈ റൂട്ടിലെ തൊഴിലാളികൾക്ക് കൂലി നൽകാനും ഡീസൽ നിറയ്ക്കാനുമുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഇതിൽ പ്രതിഷേധിച്ചാണ് മറ്റ് ബസുകളുടെ പ്രതിനിധിയായി ‘ബെസ്റ്റ് വേ’ ബസിൽ പുരുഷന്മാർക്ക് ഒരു ദിവസത്തേക്ക് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ചതെന്ന് ബസുടമകൾ അറിയിച്ചു.
വിദ്യാർത്ഥികൾക്ക് വർഷങ്ങളായി കൺസെഷൻ നിരക്കിൽ മാറ്റമില്ലാത്തതിനാലാണ് സൗജന്യ യാത്രയിൽ നിന്ന് അവരെ ഒഴിവാക്കിയതെന്നും ബസുടമകൾ വ്യക്തമാക്കി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചപ്പോൾ ഇതരസംസ്ഥാന തൊഴിലാളികളുടെ സാഹചര്യം പോലും സർക്കാർ പരിഗണിച്ചില്ലെന്ന വിമർശനവും അവർ ഉന്നയിച്ചു. അതിനാലാണ് ഇതരസംസ്ഥാന തൊഴിലാളികൾക്കും സൗജന്യ യാത്ര അനുവദിക്കാത്തതെന്നും ബസുടമകൾ പറഞ്ഞു.
പ്രിയദർശിനി പദ്ധതി നടപ്പായതോടെ സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയിലേക്ക് മാറിയതിനാൽ സ്വകാര്യ ബസ് മേഖല വലിയ തിരിച്ചടിയാണ് നേരിടുന്നതെന്ന് ബസുടമകൾ ആരോപിച്ചു. അങ്കമാലി–കൊരട്ടി, ആലുവ–അത്താണി–വട്ടപ്പറമ്പ്–പറവൂർ, അങ്കമാലി–മലയാറ്റൂർ, അങ്കമാലി–മഞ്ഞപ്ര, അങ്കമാലി–മൂക്കന്നൂർ തുടങ്ങിയ റൂട്ടുകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നതെന്ന് അവർ പറഞ്ഞു.
പ്രിയദർശിനി പദ്ധതിയോട് എതിർപ്പില്ലെന്നും, എന്നാൽ വർഷങ്ങളായി ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ബസുടമകളുടെയും തൊഴിലാളികളുടെയും സംരക്ഷണത്തിനായി സർക്കാർ ഇടപെടണമെന്നതാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നും ബസുടമകൾ കൂട്ടിച്ചേർത്തു.

