Home Nationalഇന്ത്യൻ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫായി വൈസ് അഡ്മിറൽ എ.എൻ. പ്രമോദ്; ഓപ്പറേഷൻ സിന്ദൂരിലെ നിർണായക നേതൃത്വം വഹിച്ച ഉദ്യോഗസ്ഥൻ

ഇന്ത്യൻ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫായി വൈസ് അഡ്മിറൽ എ.എൻ. പ്രമോദ്; ഓപ്പറേഷൻ സിന്ദൂരിലെ നിർണായക നേതൃത്വം വഹിച്ച ഉദ്യോഗസ്ഥൻ

by news_desk1
0 comments

ദില്ലി: ഇന്ത്യൻ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫായി വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് ചുമതലയേറ്റു. ഗോവയിലെ നേവൽ അക്കാദമിയിലെ 38-ാമത് ഇന്റഗ്രേറ്റഡ് കേഡറ്റ് കോഴ്സിലെ പൂർവവിദ്യാർത്ഥിയായ അദ്ദേഹം 1990 ജൂലൈ 1-നാണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ലഭിച്ചത്.

36 വർഷത്തിലേറെ നീണ്ട സേവനത്തിനിടെ കപ്പലുകളിലും കരയിലുമായി കമാൻഡ്, ഓപ്പറേഷൻസ്, പരിശീലനം, സ്റ്റാഫ് ചുമതലകൾ ഉൾപ്പെടെ നിരവധി സുപ്രധാന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഗൈഡഡ് മിസൈൽ ഡെസ്ട്രോയറായ ഐഎൻഎസ് രാജ്പുത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസറായും ആന്റി-സബ്മറൈൻ വാർഫെയർ പട്രോൾ വെസലായ ഐഎൻഎസ് അഭയ്, ലാൻഡിംഗ് ഷിപ്പ് ടാങ്ക് (ലാർജ്) ഐഎൻഎസ് ശാർദുൽ, ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ ഐഎൻഎസ് സത്പുര എന്നിവയുടെ കമാൻഡിംഗ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.

ഗാൽവാൻ സംഭവത്തിന് പിന്നാലെ നടന്ന ഓപ്പറേഷൻ സ്നോ ലെപ്പാർഡിന്റെ സമയത്ത് വെസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലീറ്റ് ഓപ്പറേഷൻസ് ഓഫീസറായും സേവനമനുഷ്ഠിച്ചു. 1999-ലെ ഓപ്പറേഷൻ വിജയ്, 2001-ലെ ഓപ്പറേഷൻ പരാക്രം എന്നിവയിലും അദ്ദേഹം പങ്കാളിയായിരുന്നു.

കരയിലെ ചുമതലകളിൽ ശ്രീ വിജയപുരത്തുള്ള നാവിക വ്യോമതാവളമായ ഐഎൻഎസ് ഉത്ക്രോഷിന്റെ കമാൻഡന്റായും വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ ഡയറക്ടിംഗ് സ്റ്റാഫായും പ്രവർത്തിച്ചു. നേവൽ ഹെഡ്ക്വാർട്ടേഴ്സിൽ ജോയിന്റ് ഡയറക്ടർ നേവൽ എയർ സ്റ്റാഫ്, ഡയറക്ടർ, പ്രിൻസിപ്പൽ ഡയറക്ടർ എയർക്രാഫ്റ്റ് അക്വിസിഷൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2006 മുതൽ 2009 വരെ ടാക്റ്റിക്കൽ ഓഡിറ്റ് ഗ്രൂപ്പിലും 2016 മുതൽ 2019 വരെ ഇന്ത്യൻ നേവൽ സ്ട്രാറ്റജിക് ആൻഡ് ഓപ്പറേഷണൽ കൗൺസിലിലും അംഗമായിരുന്നു. റിയർ അഡ്മിറലായ ശേഷം ഇന്ത്യൻ നേവൽ അക്കാദമിയുടെ ഡെപ്യൂട്ടി കമാൻഡന്റ്, അസിസ്റ്റന്റ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് (എയർ), മഹാരാഷ്ട്ര നേവൽ ഏരിയയുടെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് എന്നീ ചുമതലകളും വഹിച്ചു.

വൈസ് അഡ്മിറൽ പദവിയിലേക്ക് ഉയർന്ന ശേഷം 2023 ഡിസംബർ മുതൽ 2026 ജൂലൈ വരെ ഡയറക്ടർ ജനറൽ നേവൽ ഓപ്പറേഷൻസ് (DGNO) ആയി പ്രവർത്തിച്ചു. ഈ കാലയളവിൽ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ നാവികസേനയുടെ ആസൂത്രണം, പ്രവർത്തന സജ്ജത, തയ്യാറെടുപ്പ് എന്നിവയിൽ നിർണായക പങ്കുവഹിക്കുകയും പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെയുള്ള സമുദ്രസുരക്ഷാ ദൗത്യങ്ങളുടെ ഏകോപനത്തിനും നേതൃത്വം നൽകുകയും ചെയ്തു.

വിശിഷ്ട സേവനത്തിനും മികച്ച പ്രവർത്തന നേതൃത്വത്തിനും അംഗീകാരമായി 2024-ൽ അതി വിശിഷ്ട സേവാ മെഡലും, 2025-ൽ യുദ്ധ സേവാ മെഡലും ലഭിച്ചു. തൃശൂർ സ്വദേശിയായ വൈസ് അഡ്മിറൽ എ.എൻ. പ്രമോദിന്റെ നിയമനം ഇന്ത്യൻ നാവികസേനയിലെ സുപ്രധാന നിയമനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

You may also like