Home Keralaകനത്ത മഴ; സെറ്റ് പരീക്ഷ മാറ്റിവെച്ചു, സർവകലാശാല പരീക്ഷകൾക്കും മാറ്റം; പി.എസ്.സി പരീക്ഷയ്ക്ക് വീണ്ടും അവസരം

കനത്ത മഴ; സെറ്റ് പരീക്ഷ മാറ്റിവെച്ചു, സർവകലാശാല പരീക്ഷകൾക്കും മാറ്റം; പി.എസ്.സി പരീക്ഷയ്ക്ക് വീണ്ടും അവസരം

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ഓഗസ്റ്റ് 2) നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

എം.ജി. സർവകലാശാല ഓഗസ്റ്റ് 3-ന് (തിങ്കളാഴ്ച) നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

അതേസമയം, ഇന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്ന കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് കേരള പി.എസ്.സി അറിയിച്ചു. കനത്ത മഴയും പ്രകൃതിക്ഷോഭവും കാരണം വിവിധ തസ്തികകളിലേക്കുള്ള പത്താംതല പൊതുപ്രാഥമിക പരീക്ഷയുടെ മൂന്നും നാലും ഘട്ടങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് 2026 ഓഗസ്റ്റ് 22-ന് നടക്കുന്ന അവസാനഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ഇതിനായി പിന്നീട് പുറത്തിറക്കുന്ന മാർഗനിർദേശങ്ങൾ പ്രകാരം ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കണമെന്ന് പി.എസ്.സി അറിയിച്ചു.

കായികക്ഷമതാ പരീക്ഷയും മാറ്റി

വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 212/2025, 213/2025, 214/2025 – തസ്തികമാറ്റം മുഖേന, 254/2025 – ഈഴവ/തിയ്യ/ബില്ലവ, 255/2025 – ഒ.ബി.സി.) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 4, 5 തീയതികളിൽ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചു.

പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി വ്യക്തമാക്കി.

You may also like