ന്യൂഡൽഹി: പ്രളയവും മണ്ണിടിച്ചിലും ബാധിച്ച സംസ്ഥാനങ്ങൾക്ക് എസ്‍ഡിആർഎഫ് ഫണ്ടായി 2,117.85 കോടി രൂപ മുൻകൂറായി അനുവദിച്ച് കേന്ദ്ര സർക്കാർ. പ്രളയബാധിത സംസ്ഥാനങ്ങൾക്ക് അടിയന്തര സഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. എന്നാൽ, സഹായം ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല.
അരുണാചൽ പ്രദേശും അസമും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാർ മന്ത്രിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് കേരളം വലിയ ദുരിതമാണ് നേരിടുന്നത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ എട്ട് മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എട്ട് പേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരിക്കേറ്റ് ചികിത്സ തുടരുകയാണ്.
ശക്തമായ മഴയിലും കാറ്റിലും 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പത്തനംതിട്ട ജില്ലയിൽ മാത്രം 1,600 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം പതിയെ ഇറങ്ങിത്തുടങ്ങിയെങ്കിലും ചെളി മൂടിക്കിടക്കുന്ന മേഖലകൾ വൃത്തിയാക്കുന്നതിനും നാശനഷ്ടങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര സജീവമല്ലെന്ന വിമർശനം ശക്തമാകുകയാണ്.

