Home Keralaശബരിമല നെയ്യ് വിവാദം: ഗുണനിലവാര വീഴ്ച ഔദ്യോഗികമായി അറിയിച്ചിട്ടില്ല; വിശദീകരണവുമായി മിൽമ ചെയർമാൻ

ശബരിമല നെയ്യ് വിവാദം: ഗുണനിലവാര വീഴ്ച ഔദ്യോഗികമായി അറിയിച്ചിട്ടില്ല; വിശദീകരണവുമായി മിൽമ ചെയർമാൻ

by news_desk1
0 comments

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും, ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് ഒരിക്കലും അറിയിച്ചിട്ടില്ലെന്നും, മറിച്ച് പുറത്ത് നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സ്റ്റേറ്റ് ലാബിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് ശബരിമലയിലേക്ക് നെയ്യ് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ മിൽമയ്ക്ക് യാതൊരു പങ്കുമില്ലെന്നും, അമിതലാഭത്തിനായി മിൽമ ഒരിക്കലും കൃത്രിമം കാണിക്കാറില്ലെന്നും കെ.എസ്. മണി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടപാടുകാർക്കാണ് ഇതിൽ പങ്കുണ്ടാകാനിടയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. മിൽമയുടെ ലോഗോയോ എംബ്ലമോ ദുരുപയോഗം ചെയ്തതായി തെളിഞ്ഞാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

നിലവിലുള്ള അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും, അന്വേഷണത്തിൽ മിൽമയിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.

വാർത്തകൾ വ്യാപകമായി പ്രചരിച്ചിട്ടും ഇതുസംബന്ധിച്ച് ഔദ്യോഗികമായി ആരും മിൽമയോട് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്കുശേഷവും മിൽമ നെയ്യിന്റെ വിൽപനയിൽ കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ടയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന വഴിയിൽ നെയ്യ് മാറ്റിയതാണെങ്കിൽ അത് പമ്പയിലെ പരിശോധനയിൽ കണ്ടെത്തേണ്ടതായിരുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ശബരിമല അധികൃതർ മിൽമയെ സമയബന്ധിതമായി അറിയിച്ചില്ലെന്നും അദ്ദേഹം ചോദ്യം ഉയർത്തി.

തിരുവനന്തപുരം യൂണിയൻ എം.ഡിയുടെ വിശദീകരണം ലഭിച്ച ശേഷം സംഭവത്തിൽ ആഭ്യന്തര അന്വേഷണം സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കുമെന്നും കെ.എസ്. മണി അറിയിച്ചു.

You may also like