തൃശൂർ: തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാരുടെ 141 ദിവസമായി തുടരുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നേതൃത്വത്തിലുള്ള സമരം ഒത്തുതീർന്നു. ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്.
ധാരണ പ്രകാരം, സമരത്തിൽ പങ്കെടുത്ത നഴ്സുമാരെ ഈ മാസം 30-നകം ഘട്ടംഘട്ടമായി പഴയ വിഭാഗങ്ങളിലേക്ക് തിരിച്ചെടുക്കും. സമരത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കില്ലെന്നും ആശുപത്രി മാനേജ്മെന്റ് ഉറപ്പ് നൽകി.
അതേസമയം, ശമ്പളവർധനവ് ഉൾപ്പെടെയുള്ള ബാക്കി വിഷയങ്ങളിൽ തൊഴിൽവകുപ്പിന്റെ മധ്യസ്ഥതയിൽ തുടർചർച്ച നടത്താനും ഇരുപക്ഷവും ധാരണയിലെത്തി. ഇതോടെയാണ് 141 ദിവസം നീണ്ടുനിന്ന സമരത്തിന് വിരാമമായത്.

