Home Top Storiesമഴക്കെടുതി രൂക്ഷം; സംസ്ഥാനത്ത് മരണം 28 ആയി, കുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു

മഴക്കെടുതി രൂക്ഷം; സംസ്ഥാനത്ത് മരണം 28 ആയി, കുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്കെടുതിയിൽ രണ്ട് രക്ഷാപ്രവർത്തകർ ഉൾപ്പെടെ ഇതുവരെ 28 പേർ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. ദുരന്തത്തിൽ 58 വീടുകൾ പൂർണമായും 687 വീടുകൾ ഭാഗികമായും തകർന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ ദുരിതം തുടരുകയാണ്.

കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിലും അപ്പർ കുട്ടനാട്, തിരുവല്ല പ്രദേശങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നു. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി 27,000-ത്തോളം പേരാണ് വീടുകളിലേക്ക് മടങ്ങാനാകാതെ കഴിയുന്നത്. എ.സി. റോഡ്, എം.സി. റോഡ്, തിരുവല്ല–അമ്പലപ്പുഴ റോഡ്, തിരുവല്ല–കായംകുളം റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നുണ്ടെങ്കിലും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.

കുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു

പമ്പാ നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ പത്തനംതിട്ടയിലെ പ്രളയഭീഷണിക്ക് ശമനമായിട്ടുണ്ട്. മിക്ക പ്രദേശങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ കിഴക്കൻ മേഖലകളിൽ നിന്നുള്ള ശക്തമായ വെള്ളപ്പാച്ചിൽ കുട്ടനാടിനെ വീണ്ടും ദുരിതത്തിലാഴ്ത്തുകയാണ്. തോട്ടപ്പള്ളി സ്പിൽവേയിലൂടെ ആവശ്യത്തിന് വെള്ളം കടലിലേക്ക് ഒഴുക്കാനാകാത്തതാണ് സ്ഥിതി സങ്കീർണ്ണമാക്കുന്നത്. ആലപ്പുഴ–ചങ്ങനാശ്ശേരി റോഡിലെ കിടങ്ങറ, മങ്കൊമ്പ് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്.

എറണാകുളത്ത് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ

എറണാകുളം ജില്ലയിൽ നിലവിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 21 കുടുംബങ്ങളിലെ 57 പേരാണ് കഴിയുന്നത്. ഇവരിൽ 20 പുരുഷന്മാരും 27 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. 12 വയോജനങ്ങളും ക്യാമ്പുകളിലുണ്ട്. കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിൽ രണ്ട് വീതവും മൂവാറ്റുപുഴയിൽ ഒരു ദുരിതാശ്വാസ ക്യാമ്പുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.

You may also like