തിരുവനന്തപുരം: തിരുവനന്തപുരം കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ മനുഷ്യസഹജമായ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ടെന്ന് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ പറഞ്ഞു. വകുപ്പ് മന്ത്രി നേരിട്ട് സ്ഥലത്തെത്തുക എന്നതല്ല ആദ്യ മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മന്ത്രി മടങ്ങി.
മുതലപ്പൊഴിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി സ്ഥലത്തെത്തി. ഷിജിനെ കണ്ടെത്താനുള്ള തിരച്ചിൽ കൂടുതൽ ഊർജിതമാക്കുമെന്നും അതിനാവശ്യമായ അധിക സംവിധാനങ്ങൾ ഒരുക്കുന്നത് പരിഗണനയിലാണെന്നും അവർ അറിയിച്ചു.
കാണാതായ ഷിജിന്റെ ഭാര്യയ്ക്ക് ജോലി നൽകുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും, മുതലപ്പൊഴി സംഭവം പ്രത്യേക കേസായി കണ്ട് ആവശ്യമായ സർക്കാർ സഹായം ഉറപ്പാക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
എന്നാൽ ഫിഷറീസ് വകുപ്പ് നൽകിയ വിശദീകരണത്തിൽ പ്രതിഷേധക്കാർ തൃപ്തരായില്ല. ഷിജിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മന്ത്രി സി.പി. ജോൺ വൈകിട്ട് അഞ്ച് മണിക്ക് ചർച്ചയ്ക്കായി എത്തുമെന്ന അറിയിപ്പിനെ തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനു മുന്നിൽ നടന്നിരുന്ന റോഡ് ഉപരോധം താൽക്കാലികമായി അവസാനിപ്പിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
