തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന് ജാമ്യം. വഞ്ചിയൂർ കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് കസ്റ്റഡി അപേക്ഷ കോടതി തള്ളി.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ടി.ജി. മോഹൻദാസ് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. നാളെ മുതൽ തുടർച്ചയായി മൂന്ന് ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.
ഞായറാഴ്ച മട്ടാഞ്ചേരിയിലെ വസതിയിൽ നിന്നാണ് പൊലീസ് സംഘം ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വിവാദ പരാമർശം നടത്തിയ വീഡിയോ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.
കലാപത്തിന് ആഹ്വാനം ചെയ്തതടക്കം നാല് കുറ്റങ്ങളാണ് ടി.ജി. മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.
ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം. ഇതിനെ തുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനാണ്. പിന്നീട് നിരവധി പേർ പരാതി നൽകി. പരാതികളുടെ അടിസ്ഥാനത്തിൽ ജൂലൈ 29നാണ് ടി.ജി. മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ 192, 353 (1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120 (ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പൊതുസമൂഹത്തിൽ ലഹളയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി.ജി. മോഹൻദാസ് പരാമർശം നടത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.
‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടി.ജി. മോഹൻദാസ് വിവാദ പരാമർശം നടത്തിയത്. പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുകയും വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്യുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ജന്തർ മന്തറിന് ചുറ്റും നാല് കിലോമീറ്റർ പരിധിയിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്നും ജനക്കൂട്ടത്തോട് മൈക്കിലൂടെ പിരിഞ്ഞുപോകാൻ ആവശ്യപ്പെടുമെന്നും മൂന്ന് തവണ മുന്നറിയിപ്പ് നൽകിയ ശേഷവും പിരിഞ്ഞില്ലെങ്കിൽ വെടിവെക്കുമെന്നും മോഹൻദാസ് പറഞ്ഞിരുന്നു. വെടിവെപ്പിൽ ചിലർ മരിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും അംഗഭംഗം സംഭവിക്കുകയും ചെയ്യുമെന്നും ഏകദേശം നാല് മണിക്കൂറിനുള്ളിൽ രംഗം ശാന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലെത്തിക്കുമെന്നും മോഹൻദാസ് പരാമർശിച്ചിരുന്നു.
ഇത്തരം പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹൻദാസ് പറഞ്ഞിരുന്നു. ഡൽഹിയിൽ സമരം ചെയ്ത പെൺകുട്ടികളെ അധിക്ഷേപിക്കുന്ന പരാമർശവും അദ്ദേഹം നടത്തിയിരുന്നു.
