Home Nationalയമുന എക്‌സ്പ്രസ്‌വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒമ്പത് യാത്രക്കാർക്ക് ദാരുണാന്ത്യം

യമുന എക്‌സ്പ്രസ്‌വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒമ്പത് യാത്രക്കാർക്ക് ദാരുണാന്ത്യം

by news_desk1
0 comments

നോയിഡ: യമുന എക്‌സ്പ്രസ്‌വേയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒമ്പത് യാത്രക്കാർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പൊള്ളലേറ്റു. ബുധനാഴ്ച രാത്രി ഡൽഹിയിൽ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന രാജ് കൽപ്പന ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.

യമുന എക്‌സ്പ്രസ്‌വേയിൽ 33-ാം കിലോമീറ്ററിന് സമീപം രാത്രി 11.30ഓടെയായിരുന്നു അപകടം. ബസിൽ 35ഓളം യാത്രക്കാരുണ്ടായിരുന്നതായി ഹാമിർപൂർ സ്വദേശിയായ സുനിൽ കുമാർ പൊലീസിനോട് പറഞ്ഞു. പൊള്ളലേറ്റവരെ ജെവാറിലെ കൈലാഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ഡ്രൈവറുടെ ക്യാബിനിൽ നിന്ന് കത്തുന്ന ഗന്ധം അനുഭവപ്പെടുന്നതായി യാത്രക്കാർ അറിയിച്ചിരുന്നുവെന്നാണ് വിവരം. ഇക്കാര്യം ഡ്രൈവറെയും കണ്ടക്ടറെയും അറിയിച്ചെങ്കിലും ബസ് നിർത്തുകയോ ഗന്ധത്തിന്റെ ഉറവിടം പരിശോധിക്കുകയോ ചെയ്തില്ലെന്നും റിപ്പോർട്ടുണ്ട്.

തുടർന്ന് ഡ്രൈവർ സീറ്റിന് സമീപം തീജ്വാലകൾ ഉയരുകയും നിമിഷങ്ങൾക്കകം ബസിനുള്ളിലേക്ക് തീ പടരുകയുമായിരുന്നു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നതിനാൽ രക്ഷപ്പെടാൻ കഴിയാതെ പോയെന്നാണ് വിവരം. ചില യാത്രക്കാർ ജനൽച്ചില്ലുകൾ തകർത്ത് പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്.

സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

You may also like