തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായുള്ള ചർച്ച വിജയിച്ചതിന് പിന്നാലെ എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സ് 37 ദിവസം നീണ്ട സമരം അവസാനിപ്പിച്ചു. പ്രശ്‌നം പരിഹരിക്കാൻ രണ്ട് മാസത്തെ സമയം മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ കാലയളവിനുള്ളിൽ വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇത് ഉദ്യോഗാർഥികൾ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. തുടർന്ന് മന്ത്രി ഷംസുദ്ദീൻ സമരനേതാവ് വളർമതിക്ക് വെള്ളം നൽകി.
പ്രശ്‌നങ്ങൾ പരിഹരിക്കാൻ മന്ത്രി 45 ദിവസം സമയം ആവശ്യപ്പെട്ടതായി വളർമതി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ സെക്രട്ടേറിയറ്റിന് മുന്നിൽ തന്നെ തുടരുമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. ദിവസങ്ങൾ എണ്ണി സെക്രട്ടേറിയറ്റിന് മുന്നിൽ തന്നെ തുടരുമെന്നും അനുകൂലമായ തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വളർമതി പറഞ്ഞു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് എൽപിഎസ്‌ടി ഉദ്യോഗാർഥികൾ വീണ്ടും സമരവുമായി രംഗത്തെത്തിയത്. 2025 മേയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽനിന്ന് നാമമാത്രമായ നിയമനം മാത്രമാണ് നടന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചിരുന്നു. പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതീകാത്മകമായി പുല്ലുതിന്നും മറ്റുമായിരുന്നു ഉദ്യോഗാർഥികൾ സമരത്തിൽ പ്രതിഷേധിച്ചത്. വളർമതിയുടെ നിരാഹാര സമരവും 13 ദിവസം പിന്നിട്ടിരുന്നു. സമരം ശക്തമായതോടെയാണ് മന്ത്രി ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ചത്.
