ഡമാസ്കസ്: കൊലപാതകം, പീഡനം, കൊലപാതകത്തിന് പ്രേരണ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ സിറിയൻ മുൻ പ്രസിഡന്റ് ബഷാർ അൽ-അസദിനും സഹോദരൻ മാഹർ അൽ-അസദിനും മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ ആറ്റെഫ് നജീബിനും ഡമാസ്കസിലെ കോടതി വധശിക്ഷ വിധിച്ചു. കുട്ടികളെയടക്കം ആസൂത്രിതമായി ക്രൂരമായി കൊലപ്പെടുത്തിയതിനും അന്യായ തടങ്കലിനും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ബഷാർ അൽ-അസദ് കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തി.
2024 ഡിസംബറിൽ വിമതർ ഡമാസ്കസ് വളഞ്ഞതിനെ തുടർന്ന് ബഷാർ അൽ-അസദ് കുടുംബത്തോടൊപ്പം മോസ്കോയിലേക്ക് പലായനം ചെയ്തിരുന്നു. അസദിന്റെ ഇളയ സഹോദരൻ മാഹർ അൽ-അസദിനും ഇതേ കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
അസദിന്റെ ബന്ധുവായ ആറ്റെഫ് നജീബിനും കോടതി വധശിക്ഷ വിധിച്ചു. ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ച പ്രക്ഷോഭങ്ങൾക്ക് തൊട്ടുമുമ്പ് തെക്കൻ പ്രവിശ്യയായ ദാരായിൽ നടന്ന ക്രൂരമായ അടിച്ചമർത്തലുകൾക്ക് നേതൃത്വം നൽകിയെന്നാണ് നജീബിനെതിരായ പ്രധാന ആരോപണം.
സിറിയൻ സൈന്യത്തിലെ മുൻ ബ്രിഗേഡിയർ ജനറലായ നജീബ് 2011ൽ അസദ് ഭരണകൂടത്തിന് കീഴിൽ ദാരായിലെ പൊളിറ്റിക്കൽ സെക്യൂരിറ്റി ബ്രാഞ്ചിന്റെ തലവനായിരുന്നു. അസദ് ഭരണകൂടവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരിൽ ഒരാളാണ് നജീബ്.
ശിക്ഷ വിധിക്കുന്ന സമയത്ത് നജീബ് കോടതിയിൽ ഹാജരായിരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് വധശിക്ഷ പ്രഖ്യാപിച്ചത്. ജഡ്ജി വിധിന്യായം വായിക്കുമ്പോൾ തടവുകാരന്റെ വേഷത്തിൽ ഇരുമ്പ് കൂട്ടിനുള്ളിലായിരുന്നു നജീബ്.
അസദിനെയും മാഹറിനെയും അഭാവത്തിൽ വിചാരണ ചെയ്തു
റഷ്യയിലേക്ക് പലായനം ചെയ്ത ബഷാർ അൽ-അസദിനെയും സഹോദരൻ മാഹറിനെയും അവരുടെ അസാന്നിധ്യത്തിലാണ് കോടതി വിചാരണ ചെയ്തത്. അതേസമയം, നജീബിനെ നേരിട്ട് കോടതിയിൽ ഹാജരാക്കിയായിരുന്നു വിചാരണ.
2024 ജനുവരിയിലാണ് അസദിന്റെ ബന്ധുവും മുൻ സുരക്ഷാ ഉദ്യോഗസ്ഥനുമായ ആറ്റെഫ് നജീബ് പിടിയിലായത്. 15 വയസ്സിന് താഴെയുള്ള കുട്ടികളെ മനഃപൂർവം കൊലപ്പെടുത്തിയതിനും മരണത്തിലേക്ക് നയിച്ച പീഡനങ്ങൾക്കും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
14 വർഷം നീണ്ട സിറിയൻ സംഘർഷത്തിൽ ഏകദേശം അഞ്ചുലക്ഷം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. സിറിയയിലെ താൽക്കാലിക ഭരണകൂടത്തിന് കീഴിൽ ബഷാർ അൽ-അസദിനെതിരെ വരുന്ന ഇത്തരത്തിലുള്ള ആദ്യ വിധിയാണിത്.
മുൻ ഭരണകൂടവുമായി ബന്ധപ്പെട്ടവർക്കെതിരെ താൽക്കാലിക സർക്കാർ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ചില പ്രതികളെ നേരിട്ട് ഹാജരാക്കിയുള്ള വിചാരണയും മറ്റു ചിലരെ അവരുടെ അസാന്നിധ്യത്തിൽ വിചാരണ ചെയ്യുന്നതും തുടരുകയാണ്. പഴയ ഭരണകൂടത്തിലെ പ്രമുഖർക്കെതിരെ ഈ വർഷം ആരംഭത്തോടെ ഇടക്കാല സർക്കാർ നിയമനടപടികൾ ശക്തമാക്കിയിരുന്നു.
