Home Keralaപരിയാരം മെഡിക്കൽ കോളേജിൽ കോടികളുടെ മരുന്നുകൾ നശിക്കുന്നു; വൃത്തിഹീനമായ ഇടങ്ങളിൽ മരുന്നുകൂമ്പാരം, ഗുരുതര അനാസ്ഥ

പരിയാരം മെഡിക്കൽ കോളേജിൽ കോടികളുടെ മരുന്നുകൾ നശിക്കുന്നു; വൃത്തിഹീനമായ ഇടങ്ങളിൽ മരുന്നുകൂമ്പാരം, ഗുരുതര അനാസ്ഥ

by news_desk1
0 comments

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മരുന്നുകൾ വൃത്തിഹീനമായ സാഹചര്യത്തിൽ കൂട്ടിയിട്ട നിലയിൽ. മെഡിക്കൽ കോളേജിലെ ഏഴാം, എട്ടാം നിലകളിലാണ് മരുന്നുകൾ കൂമ്പാരമായി സൂക്ഷിച്ചിരിക്കുന്നത്. രണ്ട് നിലകളിലും നടക്കാൻ പോലും കഴിയാത്ത തരത്തിലാണ് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നതെന്നാണ് വിവരം.

ഇഎൻടി, നേത്രം, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, കാൻസർ വാർഡുകൾക്ക് മുന്നിലും മറ്റ് വൃത്തിഹീനമായ സ്ഥലങ്ങളിലുമാണ് മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നത്. ഇഞ്ചക്ഷനുകൾ, നെബുലൈസർ സൊല്യൂഷൻ, പാരസെറ്റമോൾ തുടങ്ങിയ മരുന്നുകൾക്കൊപ്പം പിപിഇ കിറ്റുകളും വലിയ ബോക്സുകളിൽ കൂമ്പാരമായി സൂക്ഷിച്ചിരിക്കുന്ന നിലയിലാണ്.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) നൽകിയ കോടികൾ വിലവരുന്ന മരുന്നുകളാണ് ഇത്തരത്തിൽ കെട്ടിക്കിടന്ന് നശിക്കുന്നത്. കാലാവധി കഴിഞ്ഞതും കാലാവധി കഴിയാത്തതുമായ നിരവധി മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിൽ പല മരുന്നുകളും വർഷങ്ങളായി കാലാവധി കഴിഞ്ഞവയാണെന്നാണ് വിവരം.

കാലാവധി കഴിഞ്ഞ മരുന്നുകൾ നീക്കം ചെയ്യുന്നതിനായി ആശുപത്രി അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി ലഭിച്ചിരുന്നതായും വിവരമുണ്ട്. എന്നാൽ പരാതിയിൽ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല.

ആശുപത്രിയിലെ മരുന്നുകളുടെ സംഭരണവുമായി ബന്ധപ്പെട്ട ഗുരുതരമായ വീഴ്ചയാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് ആരോപണം. കോടികൾ വിലവരുന്ന മരുന്നുകൾ ശരിയായ രീതിയിൽ സൂക്ഷിക്കാതിരിക്കുകയും കാലാവധി കഴിഞ്ഞ മരുന്നുകൾ നീക്കം ചെയ്യാതിരിക്കുകയും ചെയ്യുന്നത് ആശുപത്രി സംവിധാനത്തിലെ അനാസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്.

You may also like