Home Keralaസേ പരീക്ഷാ ഫീസ് കുറച്ചു, വിട്ടുവീഴ്ചയോടെ മാനേജ്‌മെന്റ്; തൃപ്തരാകാതെ വിദ്യാർത്ഥികൾ, കോതമംഗലം എം.എ കോളജിൽ സമരം ശക്തം

സേ പരീക്ഷാ ഫീസ് കുറച്ചു, വിട്ടുവീഴ്ചയോടെ മാനേജ്‌മെന്റ്; തൃപ്തരാകാതെ വിദ്യാർത്ഥികൾ, കോതമംഗലം എം.എ കോളജിൽ സമരം ശക്തം

by news_desk
0 comments

എറണാകുളം: വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ആവശ്യങ്ങളിൽ പലതും അംഗീകരിച്ച് കോതമംഗലം എം.എ എൻജിനീയറിങ് കോളജ് മാനേജ്‌മെന്റ് പുതിയ സർക്കുലർ ഇറക്കിയെങ്കിലും സമരം അവസാനിപ്പിക്കാൻ തയ്യാറാകാതെ വിദ്യാർത്ഥികൾ. അനിശ്ചിതകാല പഠിപ്പുമുടക്കി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ കോളജിന് മുന്നിൽ ഉപരോധം തുടരുകയാണ്.

വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെയാണ് സേ പരീക്ഷാ ഫീസ് 6,000 രൂപയിൽ നിന്ന് 1,000 രൂപയായി കുറയ്ക്കാൻ മാനേജ്‌മെന്റ് തയ്യാറായത്. ഇതിനുപുറമെ, കെ.ടി.യു നിർദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്നും, വിദ്യാർത്ഥി അക്കാദമിക് കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കുമെന്നും, മുൻപ് കുറഞ്ഞ ക്രെഡിറ്റ് കാരണം രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നവർക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും അധികൃതർ ഉത്തരവിലൂടെ അറിയിച്ചു.

എന്നാൽ, ഈ സർക്കുലർ അംഗീകരിക്കില്ലെന്നും പ്രിൻസിപ്പലും ഡീനും മാറിനിൽക്കാതെ പിന്നോട്ടില്ലെന്നുമാണ് വിദ്യാർത്ഥികളുടെ നിലപാട്. കുറഞ്ഞ ക്രെഡിറ്റിന്റെ പേരിൽ ഇയർ ബാക്ക് ആയതിനെ തുടർന്ന് ജീവനൊടുക്കിയ മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥി മിച്ചി മർപ്പുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം മാനേജ്‌മെന്റ് ഏറ്റെടുക്കണമെന്നും, കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. നൽകിയ ഉറപ്പുകൾ രേഖാമൂലം പ്രസിദ്ധീകരിക്കുകയും എല്ലാ ആവശ്യങ്ങളും പൂർണ്ണമായി അംഗീകരിക്കുകയും ചെയ്യുന്നത് വരെ കോളജ് പ്രവർത്തനം സ്തംഭിപ്പിച്ച് സമരം തുടരുമെന്ന് വിദ്യാർത്ഥി കൂട്ടായ്മ അറിയിച്ചു.

You may also like