കണ്ണൂർ: കൊലപാതക കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയായിരുന്ന രാഗേഷ് 20 വർഷത്തെ ഒളിവിന് ശേഷം ബെംഗളൂരുവിൽ പിടിയിലായി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐ.പി.എസിന്റെയും കണ്ണൂർ എ.സി.പി ആസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കർണാടകയിലെ തർബനഹള്ളിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
കണ്ണൂർ താവക്കര സ്വദേശിയായ രാഗേഷിനെ പിടികൂടാൻ പൊലീസ് നേരത്തെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് രാഗേഷ് ബെംഗളൂരുവിൽ ജോലി ചെയ്തിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതിനൊപ്പം ഒരു സുഹൃത്തിൽ നിന്ന് ലഭിച്ച പഴയ ഫോട്ടോയും അന്വേഷണത്തിൽ നിർണായകമായി.
വീട്ടിലുണ്ടായിരുന്ന പഴയ ഫോട്ടോകൾ പോലും രാഗേഷ് മാറ്റിയിരുന്നതായി പൊലീസ് കണ്ടെത്തി. സിനിമാനടനാകാൻ ശ്രമിക്കുകയാണെന്നും അതിനായി ഫോട്ടോ അയച്ചുകൊടുക്കണമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചാണ് ഫോട്ടോകൾ മാറ്റിയത്.
അന്വേഷണത്തിനിടെ ലഭിച്ച അവ്യക്തമായ പഴയ ഫോട്ടോ പ്രൊഫഷണൽ വിദഗ്ധരുടെ സഹായത്തോടെ വ്യക്തത വരുത്തി. ഈ ചിത്രം ഉപയോഗിച്ചാണ് തുടർ അന്വേഷണം നടത്തിയത്. ബെംഗളൂരുവിന് സമീപം മലയാളി നടത്തുന്ന ഒരു കാറ്ററിങ് സ്ഥാപനത്തിൽ രാഗേഷിനെ കണ്ടതായി ഇയാളുടെ സുഹൃത്ത് പൊലീസിനെ അറിയിച്ചതും അന്വേഷണത്തിന് വഴിത്തിരിവായി.
തുടർന്നുള്ള അന്വേഷണത്തിൽ രാഗേഷ് കഴിഞ്ഞ 20 വർഷത്തോളമായി ‘സാബു’ എന്ന പേരിൽ തൃശൂർ സ്വദേശിനിയായ സ്ത്രീയെ വിവാഹം ചെയ്ത് കഴിയുകയായിരുന്നുവെന്ന് കണ്ടെത്തി. കാറ്ററിങ് ജോലി ചെയ്തിരുന്ന ഇയാളെക്കുറിച്ച് നാട്ടുകാർക്ക് കൂടുതൽ വിവരങ്ങളൊന്നും അറിയില്ലായിരുന്നു.
സാബു ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ വിവരങ്ങൾ പരിശോധിച്ചതോടെയാണ് ഇയാൾ യഥാർഥത്തിൽ രാഗേഷാണെന്ന് സ്ഥിരീകരിച്ചത്. വാഹനത്തിന്റെ ആർ.സി വിവരങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച ഫോൺ നമ്പർ രാഗേഷിന്റെ പേരിലുള്ളതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് ഇന്നലെ അർധരാത്രിയോടെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രാഗേഷിനെ പിടികൂടിയത്.
