ഭോപ്പാൽ: രണ്ട് കോടി രൂപ ലഭിക്കുമെന്ന വാഗ്ദാനം നൽകി 17കാരനെ വലയിലാക്കി കൊലപ്പെടുത്തിയെന്ന കേസിൽ അവയവ മാഫിയയെ കേന്ദ്രീകരിച്ച് അന്വേഷണം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇക്ബാൽ മൈതാൻ സ്വദേശിയായ 17കാരനെ ഓഗസ്റ്റ് ആറുമുതൽ കാണാതായിരുന്നു. ഓഗസ്റ്റ് 11ന് ഛോട്ടാ തലാബിൽ നിന്ന് മൃതദേഹം കണ്ടെത്തി. ഓഗസ്റ്റ് 14നാണ് കുടുംബം മൃതദേഹം തിരിച്ചറിഞ്ഞത്.
മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഭോപ്പാൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചെന്നാരോപിക്കുന്ന അവയവ മാഫിയയിലേക്കാണ് എത്തിയത്. സംഭവത്തിൽ 13 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 17കാരന്റെ ശരീരത്തിൽ നിന്ന് അവയവങ്ങൾ ശേഖരിച്ച് വിദേശത്തേക്ക് അയയ്ക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് അന്വേഷണത്തിലെ വിവരം.
എന്നാൽ 17കാരനിൽ നിന്ന് നീക്കം ചെയ്തതായി കരുതുന്ന അവയവങ്ങൾ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. 100 രൂപ നൽകി 17കാരനെ സംഘം വശീകരിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അവയവദാനത്തിലൂടെ വൻതുക നേടാമെന്ന് വാഗ്ദാനം ചെയ്താണ് കുട്ടിയെ സംഘത്തിലേക്ക് ആകർഷിച്ചതെന്നാണ് പൊലീസ് വിശദീകരണം.
സംഘത്തിൽ കൂടുതൽ പ്രായപൂർത്തിയാകാത്തവരുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. നിലവിൽ അറസ്റ്റിലായ അഞ്ച് പേരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.
17കാരനെ തട്ടിക്കൊണ്ടുപോയ ശേഷം പ്രതീക്ഷിച്ച രീതിയിൽ അവയവങ്ങൾക്ക് ആവശ്യക്കാർ എത്താതെ വന്നതോടെയാണ് മൃതദേഹം തടാകത്തിൽ ഉപേക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ പ്രദേശവാസിയായ മറ്റൊരു 17കാരനും തനിക്കെതിരെ സമാനമായ വധശ്രമം ഉണ്ടായതായി പരാതി നൽകിയിട്ടുണ്ട്. വൻതുക വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നതായാണ് പൊലീസ് വിലയിരുത്തൽ.
