Home Top Storiesസിഎംആർഎൽ–എക്സാലോജിക് കേസ്; വീണയുമായി ബന്ധമെന്ന് സൂചന, ലേക്കർ ഇന്ത്യ കോർപ്പറേഷൻ ‘ഷെൽ കമ്പനി’യോ?

സിഎംആർഎൽ–എക്സാലോജിക് കേസ്; വീണയുമായി ബന്ധമെന്ന് സൂചന, ലേക്കർ ഇന്ത്യ കോർപ്പറേഷൻ ‘ഷെൽ കമ്പനി’യോ?

by news_desk1
0 comments

കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടി.യുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ലേക്കർ ഇന്ത്യ കോർപ്പറേഷൻ ‘ഷെൽ കമ്പനി’യാണെന്ന സൂചന. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് രേഖകളിലുള്ള കമ്പനിക്ക് യഥാർഥ ഓഫീസില്ലെന്നാണ് വിവരം. 2023ൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിലാസത്തിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കമ്പനിയെന്നാണ് രേഖകളിലുള്ളത്.

കമ്പനിയുടെ മറ്റൊരു പങ്കാളിയായ അനീസ് കൊടമ്പിയാത്ത് അറക്കലിനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ അക്കൗണ്ടിലുള്ള 15.57 ലക്ഷം രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ മരവിപ്പിച്ചിരുന്നു.

സിഎംആർഎൽ–എക്സാലോജിക് കേസിലെ അന്വേഷണം ഇഡി ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ സി.പി.ഐ.എം നേതാവിന്റെ വീട് ഉൾപ്പെടെ എട്ട് ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. വീണ ടി.യും മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

മേയ് 27ന് തിരുവനന്തപുരത്തെ വീണ ടി.യുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ഇഡി ഒരു ഡയറി പിടിച്ചെടുത്തിരുന്നു. ഈ ഡയറിയിൽ നിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. നിഖിൽ, നന്ദുലാൽ, ഷൈജൽ, ഫൈജാസ് എന്നിവരടക്കം ഏഴ് പേരുടെ പേരുകൾ ഡയറിയിലുണ്ടായിരുന്നു. ഇവർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് അന്വേഷണത്തിൽ മനസ്സിലാക്കിയതോടെയാണ് വീണയും റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.

നിഖിലിന്റെ സോളസ് എന്ന കമ്പനി, വെസ്റ്റ് ഹിൽ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി നന്ദുലാലിന്റെ വീട്, പന്തീരാങ്കാവിലെ കാപിറ്റൽ മാർബിൾസ് എന്ന സ്ഥാപനം എന്നിവിടങ്ങളിലും ഇന്നലെ പരിശോധന നടന്നു. ഫ്ലാറ്റിലെ പരിശോധനയ്ക്കിടെ നിഖിലിന്റെ മൊഴിയും ഇഡി രേഖപ്പെടുത്തി. പന്തീരാങ്കാവിലെ കാപിറ്റൽ മാർബിൾസ് സ്ഥാപനത്തിലും റെയ്ഡ് നടത്തി.

കേസിന്റെ പശ്ചാത്തലം

2024 ഏപ്രിലിലാണ് സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തത്. വീണ ടി.യുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന ഐ.ടി കമ്പനിയും സിഎംആർഎലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ അടിസ്ഥാനം.

എക്സാലോജിക് നൽകിയ ഐ.ടി സേവനങ്ങൾക്കുള്ള പ്രതിഫലമായി 2017 മുതൽ 2020 വരെയുള്ള കാലയളവിൽ സിഎംആർഎൽ 1.72 കോടി രൂപ നൽകിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ എക്സാലോജിക്കിൽ നിന്ന് അത്തരം സേവനങ്ങൾ ലഭിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

തുടർന്ന് എസ്.എഫ്.ഐ.ഒ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ആരംഭിക്കുകയും പിന്നാലെ ഇഡിയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

You may also like