Home Keralaലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചെന്നാരോപിച്ച് ആക്രമണം; വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചെന്നാരോപിച്ച് ആക്രമണം; വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

by news_desk1
0 comments

കോട്ടയം: ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന്റെ പേരിൽ വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചതായി പരാതി. ആക്രമണത്തിൽ അണക്കര സ്വദേശിയായ 19കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി തൊടുപുഴയിലെ ഗ്രാൻഡിസ് എന്ന സ്ഥാപനത്തിൽ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് സർവീസ് കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥിയാണ് ആക്രമിക്കപ്പെട്ടത്. സ്ഥാപനത്തിൽ അഞ്ഞൂറിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.

സ്ഥാപനത്തിന്റെ ഹോസ്റ്റൽ സൗകര്യം ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. മൂന്ന് മുറികളിലായി 11 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിനിടെയാണ് ഹോസ്റ്റലിൽ താമസിച്ചിരുന്ന മൂന്ന് പേർ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നതായി വിദ്യാർഥിയുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് വിദ്യാർഥി ഇക്കാര്യം അധ്യാപകരെ അറിയിച്ചു. അധ്യാപകരുടെ നിർദേശപ്രകാരം ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പകർത്തി അധ്യാപകർക്ക് കൈമാറുകയും ചെയ്തു. അധ്യാപകർ ഹോസ്റ്റലിലെത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ തങ്ങൾ ലഹരി ഉപയോഗിച്ചെന്ന് സഹപാഠികൾ സമ്മതിച്ചു. എന്നാൽ ഒരുതവണ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു അവരുടെ വിശദീകരണം.

ഉപദേശിച്ചതിന് ശേഷം മറ്റ് നടപടികളൊന്നും സ്വീകരിക്കാതെയും വീട്ടുകാരെ വിവരം അറിയിക്കാതെയും ഇവരെ വിട്ടയച്ചെന്നാണ് ആക്രമണത്തിനിരയായ വിദ്യാർഥി പറയുന്നത്.

തുടർന്ന് ദൃശ്യങ്ങൾ അധ്യാപകർക്ക് കൈമാറിയത് ആരാണെന്ന് ലഹരി ഉപയോഗിച്ച സഹപാഠികൾ മനസ്സിലാക്കിയതായാണ് വിദ്യാർഥിയുടെ ആരോപണം. ഇതോടെ സഹപാഠികൾ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. ഭയന്നതിനാൽ വിദ്യാർഥി വീട്ടുകാരോട് വിവരം പറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് വേദന ശക്തമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി.

സംഭവത്തിൽ ഒരാളെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു. എന്നാൽ മറ്റ് രണ്ട് പേർക്കെതിരെ ഇതുവരെ കേസ് എടുത്തിട്ടില്ല.

You may also like