Home Keralaപ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

by news_desk
0 comments

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെ കോഴിക്കോട് സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസായതിനാൽ പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഡൽഹി ജന്തർ മന്ദറിലെ സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു മാധ്യമത്തോട് സംസാരിക്കവെയായിരുന്നു ജാൻമണി വിവാദ പരാമർശം നടത്തിയത്. സംഭവം വലിയ രീതിയിൽ ചർച്ചയാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ ജാൻമണി സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും താൻ ഉപയോഗിച്ച മലയാളത്തിലെ പ്രയോഗങ്ങളിലുണ്ടായ തെറ്റിദ്ധാരണയാണെന്നും വ്യക്തമാക്കിയ അവർ, വീഡിയോ പ്രചരിപ്പിച്ച മാധ്യമങ്ങളോട് അത് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തെറ്റ് ചെയ്തതിന് ശേഷമുള്ള ഈ ക്ഷമാപണം അംഗീകരിക്കാനാവില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു മഹിളാ മോർച്ചയുടെ നിലപാട്. വിഷയം പുറത്തുവന്നതിന് പിന്നാലെ തനിക്ക് സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി ഭീഷണി സന്ദേശങ്ങളും ഫോൺ കോളുകളും വന്നതായി ജാൻമണി പറഞ്ഞു. ഡൽഹിയിലെ ഒരു കണ്ടന്റ് കണ്ടതിനെ തുടർന്ന് ചോദിച്ച ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും പ്രധാനമന്ത്രിയെയോ അദ്ദേഹത്തിന്റെ മാതാവിനെയോ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ജാൻമണിയുടെ വിശദീകരണം.

You may also like