Home Keralaഎസ്ഐടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തൽ; എം.ആർ. അജിത്കുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കണമെന്ന വാദം തള്ളി സർക്കാർ

എസ്ഐടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തൽ; എം.ആർ. അജിത്കുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കണമെന്ന വാദം തള്ളി സർക്കാർ

by news_desk1
0 comments

തിരുവനന്തപുരം: സസ്‌പെൻഷൻ റദ്ദാക്കണമെന്ന മുൻ എഡിജിപി എം.ആർ. അജിത്കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ. എസ്ഐടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.

സസ്‌പെൻഷൻ ഉത്തരവിൽ ഒപ്പിടാൻ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി ഉത്തരവിൽ ഒപ്പുവെച്ചിട്ടില്ലെന്ന അജിത്കുമാറിന്റെ വാദവും സർക്കാർ തള്ളി.

സസ്‌പെൻഷൻ നടപടിക്ക് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന അജിത്കുമാറിന്റെ വാദത്തിന് തെളിവില്ലെന്നും പ്രമോഷൻ തടയുന്നതിനാണ് സസ്‌പെൻഷൻ ഏർപ്പെടുത്തിയതെന്ന വാദവും അടിസ്ഥാനരഹിതമാണെന്നും സർക്കാർ വ്യക്തമാക്കി. ചട്ടങ്ങൾ പാലിച്ചാണ് നടപടിയെടുത്തതെന്നും സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് എഡിജിപിയോട് വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ലെന്നും സർക്കാർ അറിയിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ കേസിൽ എഡിജിപി ഇടപെട്ട് ചിലരുടെ മൊഴികൾ മാറ്റിയതായും ഇതിന് തെളിവുകൾ ലഭിച്ചതായും എസ്ഐടി റിപ്പോർട്ടിലുണ്ടെന്നാണ് സർക്കാർ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടിയെടുത്തതെന്നും സർക്കാർ വ്യക്തമാക്കി.

സസ്‌പെൻഷൻ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും സർക്കാർ തള്ളി. എഡിജിപിയുടെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് സർക്കാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സത്യവാങ്മൂലം നൽകി. ഹർജി അടുത്ത മാസം മൂന്നിന് പരിഗണിക്കും.

You may also like