Home National‘പപ്പ പുഞ്ചിരിച്ചുകൊണ്ട് പ്രിയപ്പെട്ട സോണിയയെ നോക്കുന്നുണ്ടാകും’; രാഹുൽ ഗാന്ധിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

‘പപ്പ പുഞ്ചിരിച്ചുകൊണ്ട് പ്രിയപ്പെട്ട സോണിയയെ നോക്കുന്നുണ്ടാകും’; രാഹുൽ ഗാന്ധിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

by news_desk1
0 comments

ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ സോണിയ ഗാന്ധിയെക്കുറിച്ച് രാഹുൽ ഗാന്ധി പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധ നേടുന്നു. സോണിയ ഗാന്ധിയുടെ ജീവിതകഥ പറയുന്ന ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തെക്കുറിച്ചാണ് രാഹുൽ ഗാന്ധി കുറിച്ചത്. രാജീവ് ഗാന്ധിയുടെ വിയോഗത്തിന് ശേഷം സോണിയ ഗാന്ധി നേരിട്ട ബുദ്ധിമുട്ടുകൾ തനിക്കും പ്രിയങ്ക ഗാന്ധിക്കും മാത്രമേ പൂർണമായി അറിയൂവെന്ന് രാഹുൽ പറഞ്ഞു.

ആറ് പതിറ്റാണ്ടിലേറെ നീളുന്ന ജീവിതാനുഭവങ്ങളും രാഷ്ട്രീയ മാറ്റങ്ങളും പറയുന്ന പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് രാഹുൽ ഗാന്ധി പുസ്തകത്തിന്റെ കവർ ചിത്രം പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ചത്. നവംബർ 10നാണ് ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ പുറത്തിറങ്ങുന്നത്.

അമ്മയെയും പപ്പയെയും അവസാനമായി ഒരുമിച്ച് കണ്ടത് 35 വർഷങ്ങൾക്ക് മുമ്പാണെന്ന് രാഹുൽ ഗാന്ധി കുറിപ്പിൽ പറഞ്ഞു. രാജീവ് ഗാന്ധിയുടെ വിയോഗത്തിന് ശേഷം ജീവിതം മുന്നിലേക്ക് കൊണ്ടുവന്ന പ്രതിസന്ധികളെ സോണിയ ഗാന്ധി അചഞ്ചലമായ ധൈര്യത്തോടും അന്തസ്സോടും കൂടി നേരിടുന്നത് താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സോണിയ ഗാന്ധി അനുഭവിച്ച വേദനകളും രാജീവിന് ശേഷമുള്ള ജീവിതം എത്രത്തോളം ദുഷ്‌കരമായിരുന്നുവെന്നും തനിക്കും പ്രിയങ്കയ്ക്കും മാത്രമേ ശരിക്കും അറിയൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സോണിയയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ അവരുടെ ജീവിതകഥ വായിക്കാൻ പോകുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം കുറിച്ചു.

സ്വകാര്യത ഇഷ്ടപ്പെടുന്ന സോണിയ ഗാന്ധിക്ക് തന്റെ ജീവിതകഥ ലോകത്തോട് പറയുക എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്ന് മനസ്സിലാക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ, പപ്പ പുഞ്ചിരിച്ചുകൊണ്ട് തന്റെ പ്രിയപ്പെട്ട സോണിയയെ അഭിമാനത്തോടെ നോക്കിനിൽക്കുന്നതായി തനിക്ക് കാണാമെന്നും അദ്ദേഹം കുറിച്ചു.

സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ ആൽഫ്രഡ് എ. നോഫ് അറിയിച്ചു.

വളരെ കുറച്ച് മാത്രം പൊതുവിൽ സംസാരിച്ചിട്ടുള്ള സോണിയ ഗാന്ധി പുസ്തകത്തിലൂടെ തന്റെ ജീവിതത്തിലെ നിരവധി ഓർമകളും അനുഭവങ്ങളും പങ്കുവെക്കുകയാണ്. യുദ്ധാനന്തര ഇറ്റലിയിലെ ബാല്യം മുതൽ ഇന്ത്യയിലെത്തിച്ച പ്രണയകഥ വരെയുള്ള അനുഭവങ്ങൾ പുസ്തകത്തിലുണ്ട്. തന്റെയും താൻ ദത്തെടുത്ത നാടിന്റെയും ഭാവി മാറ്റിമറിച്ച തീരാനഷ്ടങ്ങളും ഇതിൽ ഉൾപ്പെടുന്നതായാണ് പുസ്തകത്തിന്റെ സംഗ്രഹത്തിൽ പറയുന്നത്.

ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുമായുള്ള സോണിയയുടെ കൂടിക്കാഴ്ചയും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഹിന്ദി സംസാരിക്കാനും സാരി ധരിക്കാനും ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനും പഠിച്ചുകൊണ്ട് രാജീവിനൊപ്പം സോണിയ പുതിയ ജീവിതം ആരംഭിച്ചതും പുസ്തകത്തിൽ പറയുന്നു.

രാജീവ് ഗാന്ധിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ജീവചരിത്രവും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉൾപ്പെട്ട മറ്റൊരു പുസ്തകവും സോണിയ ഗാന്ധി നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും തമ്മിലുള്ള സ്വകാര്യ കത്തിടപാടുകൾ ഉൾപ്പെടുത്തിയ രണ്ട് വാല്യങ്ങളുടെ എഡിറ്റിംഗും സോണിയ ഗാന്ധിയാണ് നിർവഹിച്ചത്.

You may also like